നിർത്തിയ സ്വകാര്യ ബസിന്‍റെ ഇടതുവശത്തുകൂടെ ഓവർടേക്ക്; കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടി
text_fieldsവാഴൂർ: സ്വകാര്യ ബസിന് ഇടതുഭാഗത്തു കൂടി അപകടകരമായ രീതിയിൽ കെ.എസ്.ആർ.ടി.സി ബസ് ഓവർ ടേക്ക് ചെയ്ത സംഭവത്തിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ നടപടികൾ ആരംഭിച്ചു. പൊലീസ്, കെ.എസ്.ആർ ടി.സി, മോട്ടോർ വാഹന വകുപ്പുകളാണ് നടപടി ആരംഭിച്ചത്. പള്ളിക്കത്തോട് പൊലീസ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ കേസെടുത്തു.
കെ.എസ്.ആർ.ടി.സിയും നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി കോട്ടയത്തുനിന്നുള്ള വിജിലൻസ് വിഭാഗം തിങ്കളാഴ്ച ഡ്രൈവറിൽനിന്ന് വിശദീകരണം തേടും. ഇതിന്‍റെ അടിസ്ഥാനത്തിൽ തുടർനടപടികൾ ഉണ്ടാകും. ഇതിനു പുറമെ മോട്ടോർ വാഹന വകുപ്പിലെ ആർ.ടി.ഒ എൻഫോഴ്സ്മെന്‍റ് ടീം സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇവർ കെ.എസ്.ആർ.ടി.സി ഡ്രൈവറിൽനിന്ന് വിശദീകരണം തേടും. തുടർന്ന് കെ.എസ്.ആർ.ടി.സിക്ക് റിപ്പോർട്ട് നൽകും.
സ്റ്റോപ്പിൽ നിർത്തിയ സ്വകാര്യ ബസിനെ കെ.എസ്.ആർ.ടി.സി ബസ് ഇടതുവശത്തു കൂടെ അതിവേഗത്തിൽ മറികടക്കുകയായിരുന്നു. സ്വകാര്യ ബസിൽ നിന്ന് ഇറങ്ങിയ യുവതി ഇരുബസുകൾക്കും ഇടയിലായെങ്കിലും അപകടമുണ്ടാകാതെ രക്ഷപ്പെട്ടു.
കോട്ടയം കൊടുങ്ങൂർ പതിനെട്ടാം മൈലിൽ ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. സ്വകാര്യ ബസ്സിൽ നിന്ന് സ്റ്റോപ്പിൽ ഇറങ്ങിയ യുവതിയുടെ തൊട്ടടത്തുകൂടിയാണ് ഇടതുവശത്തുകൂടെ വന്ന കെ.എസ്.ആർ.ടി.സി ബസ് ഓവർ ടേക്ക് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.