പിടികിട്ടാപ്പുള്ളിയായി കസ്റ്റഡിയിലെടുത്തു, ആളുമാറിയെന്നറിഞ്ഞപ്പോൾ 100 രൂപ നല്‍കി രാത്രി ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ടു; പൊലീസിനെതിരെ പരാതിയുമായി അധ്യാപിക
text_fieldsകൊച്ചി: കൂത്താട്ടുകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ അധ്യാപികയെ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്തതായി പരാതി. കണ്ണൂർ തളിപ്പറമ്പ് സ്വദേശിനി ഹൈമവതിയാണ് കണ്ണൂർ വളപട്ടണം പൊലീസിനെതിരെ ആരോപണവുമായി രംഗത്തു വന്നത്.
ഒക്ടോബർ അഞ്ചിന് വൈകീട്ട് 3.30ഓടെ കൂത്താട്ടുകുളത്തെ തന്‍റെ ജോലിസ്ഥലത്തെത്തിയ വളപട്ടണം സ്റ്റേഷനിലെ രണ്ട് പൊലീസുകാരും കൂത്താട്ടുകുളം സ്റ്റേഷനിലെ പൊലീസുകാരനും ചേർന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് ഇവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആറ് ചെക്ക് കേസിൽ പ്രതിയാണെന്നും 15 വർഷമായി പിടികിട്ടാപ്പുള്ളിയാണെന്നും പറഞ്ഞ ഉദ്യോഗസ്ഥർ അഞ്ച് അറസ്റ്റ് വാറന്‍റ് ഉണ്ടെന്നും വ്യക്തമാക്കി.
പൊലീസ് അന്വേഷിക്കുന്ന വ്യക്തി താനല്ലെന്ന് പറഞ്ഞെങ്കിലും അവർ സമ്മതിച്ചില്ല. കൂത്താട്ടുകുളം സ്റ്റേഷനിലെത്തിക്കുകയും സ്ഥാപന അധികൃതർ വളപട്ടണം എസ്.എച്ച്.ഒയെ ബന്ധപ്പെടുകയും ചെയ്തതോടെ രാത്രി ഏഴിന്, ആളുമാറിയതാണെന്ന് പറഞ്ഞ് 100 രൂപ വണ്ടിക്കൂലിയും നൽകി കൂത്താട്ടുകുളത്തെ ബസ്സ്റ്റോപ്പിലെത്തിക്കുകയായിരുന്നെന്നും ഹൈമവതി പറയുന്നു.
പൊലീസിന്‍റെ അന്യായ ഇടപെടൽമൂലം അപമാനിതയായി. ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ്. ഇതിനെതിരെ മുഖ്യമന്ത്രിക്കും വിവിധ വകുപ്പുകൾക്കും പരാതി നൽകിയെന്നും അവർ കൂട്ടിച്ചേർത്തു. ഹൈമവതിയെ അന്യായമായി കസ്റ്റഡിയിലെടുത്തിട്ടില്ലെന്നും തിരിച്ചറിയൽ രേഖകൾ ചോദിക്കുക മാത്രമാണുണ്ടായതെന്നും വളപട്ടണം എസ്.എച്ച്.ഒ പറഞ്ഞു. ജോലി സ്ഥലത്തെത്തിയപ്പോൾ അവർ തിരിച്ചറിയൽ രേഖ നൽകിയില്ല. അതാണ് ആശയക്കുഴപ്പത്തിന് കാരണം. തുടർന്ന് സ്റ്റേഷനിലെത്തി തിരിച്ചറിയൽ രേഖ പരിശോധിച്ചപ്പോൾ വിലാസത്തിലെ വ്യത്യാസം മനസ്സിലാക്കി അപ്പോൾതന്നെ വിട്ടയച്ചു. ഈ സമയമെല്ലാം അവരുടെ അഭിഭാഷകൻ കൂടെയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.