'മാധ്യമ'ത്തിനെതിരെ നടപടി വേണം; മന്ത്രിയായിരിക്കെ ജലീൽ യു.എ.ഇക്ക് കത്തയച്ചു
text_fieldsകൊച്ചി/തിരുവനന്തപുരം: ഗൾഫിൽ മാധ്യമം ദിനപത്രത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ അധികൃതർക്ക് കത്തയച്ച് മുൻമന്ത്രി ഡോ. കെ.ടി. ജലീൽ. 'മാധ്യമം' നിരോധിക്കാൻ കെ.ടി. ജലീൽ യു.എ.ഇ അധികൃതർക്ക് നേരിട്ട് കത്തയച്ചുവെന്ന് സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് വ്യാഴാഴ്ച നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ.ടി. ജലീൽ തന്നെ ഇക്കാര്യം ശരിവെച്ചു.
കോവിഡ് മൂർധന്യത്തിലെത്തിനിൽക്കെ, 2020 ജൂൺ 24ന് മാധ്യമം പ്രസിദ്ധീകരിച്ച ഗൾഫിൽ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ പടം സഹിതമുള്ള റിപ്പോർട്ട് അറബ് ഭരണാധികാരികളെയും ജനങ്ങളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണെന്ന് ചിത്രീകരിച്ചാണ് അന്ന് മന്ത്രിയായിരുന്ന കെ.ടി. ജലീൽ യു.എ.ഇ അധികൃതർക്ക് ഇ-മെയിൽ അയച്ചത്. മാധ്യമം നിരോധിക്കാൻ യു.എ.ഇ ഭരണാധികാരിക്കാണ് കെ.ടി.ജലീൽ കത്തയച്ചതെന്ന സ്വപ്നയുടെ ആരോപണത്തിന് കോൺസൽ ജനറലിനാണ് കത്തയച്ചതെന്നായിരുന്നു ജലീലിന്റെ വാദം.
തിരുവനന്തപുരം കന്‍റോൺമെന്‍റ്, പാലക്കാട് കസബ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹൈകോടതിയിൽ നൽകിയ ഹരജികളിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കെ.ടി.ജലീലിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ. 'മാധ്യമം' വാർത്ത യു.എ.ഇ ഭരണാധികാരികൾക്ക് എതിരാണെന്ന് പറഞ്ഞായിരുന്നു ജലീലിന്‍റെ കത്ത്. 'മാധ്യമ'ത്തിന്‍റെ നിരോധനം ഗൾഫിൽ സാധ്യമായാൽ സി.പി.എമ്മിനകത്ത് തന്‍റെ സ്വാധീനം വർധിപ്പിക്കാനാവുമെന്ന് ജലീൽ പറഞ്ഞതായി സത്യവാങ്മൂലത്തിലുണ്ട്. ജലീൽ അയച്ച കത്തും ഹൈകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
സ്വന്തം രാഷ്ട്രീയ നേട്ടത്തിനായി ഒരു രാജ്യത്തിന്‍റെ ഭരണാധികാരിയെ ബോധപൂർവം വിഡ്ഢിയാക്കാനും കബളിപ്പിക്കാനുമുള്ള ശ്രമമാണ് ജലീൽ നടത്തിയതെന്ന് സത്യവാങ്മൂലത്തിൽ ആരോപിക്കുന്നു. ഭരണഘടന പദവിയിലുള്ള ഒരു മന്ത്രിയെന്ന നിലയിൽ സത്യപ്രതിജ്ഞാ ലംഘനമാണ് ജലീൽ നടത്തിയത്. പ്രോട്ടോകോളിന്‍റെയും ഭരണഘടനയുടെയും ലംഘനം, ദേശവിരുദ്ധ പ്രവർത്തനം, ജനപ്രതിനിധി എന്ന നിലയിൽ ജനങ്ങൾ അർപ്പിച്ച വിശ്വാസത്തെ വഞ്ചിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ജലീൽ ചെയ്തത്. ജലീലുമായി നടത്തിയ വാട്സ്ആപ്പ് ചാറ്റുകളും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
എന്നാൽ മാധ്യമത്തിനെതിരെ നടപടി ആവശ്യപ്പെട്ട് യു.എ.ഇ കോൺസൽ ജനറലിന് കത്തയച്ചിരുന്നെന്ന് പറഞ്ഞ കെ.ടി. ജലീൽ പത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നില്ലെന്ന് വാർത്തസമ്മേളനത്തിൽ വിശദീകരിച്ചു. അബ്ദുൽ ജലീൽ എന്ന വ്യക്തിപരമായ മെയിലിൽനിന്നാണ് കത്തയച്ചത്. പാർട്ടിയുടെയും സർക്കാറിന്‍റെയും അനുമതിയോടെയല്ല ഇത്. യു.എ.ഇ ഭരണാധികാരിക്ക് കത്തയച്ചിട്ടില്ല. പത്രം നിരോധിക്കണമെന്ന് എവിടെയും ആവശ്യപ്പെട്ടിട്ടില്ല. കോവിഡ് കാലത്ത് പ്രസിദ്ധീകരിച്ച വാർത്തയുടെ നിജസ്ഥിതി അന്വേഷിച്ചാണ് കത്തയച്ചതെന്ന് ആദ്യം പറഞ്ഞ ജലീൽ സന്ദേശം തെളിവായി കാണിച്ചപ്പോൾ പരിശോധിച്ച് പത്രത്തിനെതിരെ ശരിയായ നടപടിയെടുക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിരുന്നെന്ന് തിരുത്തി.
സർക്കാറിനെ പ്രതിക്കൂട്ടിലാക്കി, കോവിഡ് ബാധിച്ച് ഗൾഫിൽ മരിച്ച പ്രവാസികളുടെ ഫോട്ടോ ഫീച്ചർ മാധ്യമം പ്രസിദ്ധീകരിച്ചത് ഗൾഫ് നാടുകളിലും കേരളത്തിലും വലിയ ആശങ്കയുണ്ടാക്കിയെന്ന് ജലീൽ ആരോപിച്ചു. കോവിഡ് ബാധിച്ച് അവിടെ ചികിത്സ കിട്ടാതെയാണോ പ്രവാസികൾ മരിക്കാനിടയായത്. അത്തരമൊരു സാഹചര്യം എന്താണ്, നിജസ്ഥിതിയെന്ത് എന്ന് ചോദിച്ചുകൊണ്ട് വാട്സ്ആപ് സന്ദേശമയച്ചു. കോൺസൽ ജനറലിന്‍റെ ഔദ്യോഗിക മെയിൽ ഐ.ഡിയിലേക്കും പി.എക്കും തന്‍റെ മെയിലിൽനിന്നാണ് സന്ദേശമയച്ചത്. യു.എ.ഇ ഭരണാധികാരിക്ക് ഒരു കത്തും ഒരു കാര്യത്തിന് വേണ്ടിയും അയച്ചിട്ടില്ല. പത്രം നിരോധിക്കണമെന്നാണല്ലോ സ്വപ്ന നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നതെന്ന ചോദ്യത്തിന് അത് കളവാണെന്നായിരുന്നു ജലീലിന്റെ മറുപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.