വയനാട്ടിൽ രണ്ട് അപകടങ്ങളിൽ മൂന്നു വയസ്സുകാരനടക്കം മൂന്നു മരണം
text_fieldsമീനങ്ങാടി: വയനാട്ടിൽ ദേശീയപാത 766ൽ രണ്ടിടങ്ങളിലായുണ്ടായ വാഹനാപകടങ്ങളിൽ മൂന്നു വയസ്സുകാരൻ ഉൾപ്പെടെ മൂന്നുപേർ മരിച്ചു. ശനിയാഴ്ച രാവിലെ 7.30ഒാടെ ബത്തേരിക്കും മീനങ്ങാടിക്കുമിടയിൽ കൊളഗപ്പാറ ഉജാല ഫാക്ടറിക്കടുത്ത് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. തുടർന്ന് രാവിലെ എട്ടുമണിയോടെ മീനങ്ങാടി 54ൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവും മരിച്ചു.
കാറും ലോറിയും കൂട്ടിയിടിച്ച് കാസർകോട് നീലേശ്വരത്തുനിന്നു വന്ന വിനോദയാത്ര സംഘത്തിലെ രണ്ടുപേരാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാലുപേര്‍ക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ കാസർകോട് നീലേശ്വരം കോട്ടപ്പുറം ഷബീർ മൻസിലിൽ അമൻ ഷബീർ (മൂന്ന്), കോട്ടപുറത്തെ കുഞ്ഞാമ്മു- നബീസ ദമ്പതികളുടെ മകൻ നബീർ (32) എന്നിവരാണ് മരിച്ചത്. അമെൻറ പിതാവ് ഷബീർ (35), സഹോദരൻ ഇഷാൻ (അഞ്ച്), മാതാവ് ഷൻസീറ (28), കാഞ്ഞങ്ങാട് സൗദ മൻസിലിൽ സുമയ്യ അഷ്റഫ് (19) എന്നിവർക്കാണ് പരിക്കേറ്റത്.
ദേശീയ പാതയിൽ മീനങ്ങാടി 54ൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് മീനങ്ങാടി അത്തിനിലം പരേതനായ രാജെൻറ മകൻ രാഹുൽ (20) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് അപകടം. പെയിൻറിങ് തൊഴിലാളിയായ രാഹുലിെൻറ അച്ഛൻ രാജൻ രണ്ട് വർഷം മുമ്പ് ബൈക്ക് അപകടത്തിലാണ് മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.