മുഖ്യമന്ത്രിയുമായി ചർച്ച; യാക്കോബായ സഭ അനിശ്ചിതകാല സഹനസമരം അവസാനിച്ചു
text_fieldsതിരുവനന്തപുരം: നേരിടുന്ന നീതി നിഷേധത്തിനും വിശ്വാസികളുടെ മൃതദേഹത്തെ അടക്കാൻ അനുവദിക്കാത്തതിനുമെതിരെ യാക്കോബായ സഭ സെക്രേട്ടറിയറ്റിന് മുന്നിൽ നടത്തിവന്ന അനിശ്ചിതകാല സഹന സമരം അവസാനിപ്പിച്ചു. കായംകുളം കട്ടച്ചിറയിൽ 38 ദിവസമായി പ്രത്യേക പേടകത്തിൽ സൂക്ഷിച്ചിരുന്ന വയോധികയുടെ മൃതദേഹം സ്വന്തം ഇടവക പള്ളിയിൽ സംസ്കരിക്കാൻ സാധിച്ച സാഹചര്യത്തിലും മുഖ്യമന്ത്രിയുമായി സഭാ പ്രതിനിധികൾ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലുമാണ് പ്രക്ഷോഭം അവസാനിപ്പിച്ചത്. മാന്യമായ ശവസംസ്കാരത്തിന് സാഹചര്യം ഒരുക്കണമെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചതായും നടപടികൾ അനുഭാവപൂർവം സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായും ഭാരവാഹികൾ പറഞ്ഞു.
യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ്, തോമസ് മോർ അലക്സന്ത്രയോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചർച്ച. മുംബൈ ഭദ്രാസനാധിപൻ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിൽ നവംബർ അഞ്ചുമുതൽ നടത്തിവന്ന സമരം 33 മൂന്നാം ദിവസമാണ് അവസാനിച്ചത്. മൃതദേഹം സംസ്കരിക്കുന്നതിന് തടസ്സപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് പറഞ്ഞു. കോടതിവിധികൾ ദുർവ്യാഖ്യാനം ചെയ്ത് സംസ്കാര കർമങ്ങൾ തടസ്സപ്പെടുകയാണ്. നീതി നിഷേധിക്കപ്പെടുന്നിടത്ത് നിയമം പൂർണമായും നടപ്പാക്കുക അസാധ്യമാണ്.
ചർച്ചക്കും അനുരഞ്ജനത്തിനും തങ്ങൾ തയാറാണെന്നും അദ്ദേഹം പറഞ്ഞു. സമര സമാപന സമ്മേളനം കണ്ടനാട് ഭദ്രാസനാധിപൻ മാത്യൂസ് മോർ ഇവാനിയോസ് ഉദ്ഘാടനം ചെയ്തു. സമരത്തിന് നേതൃത്വം നൽകിയ മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തയെ പൊന്നാട അണിയിച്ച് ആദരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.