കൈയ്യേറ്റം; കാടത്തമെന്ന് ആന്‍റണി, ജനാധിപത്യത്തോടുള്ള വെല്ലുവിളിയെന്ന് ചെന്നിത്തല
text_fieldsന്യൂഡൽഹി: സംഘപരിവാർ ആക്രമണം കാടത്തമാണെന്നാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം എ.കെ ആന്‍റണി പ്രതികരിച്ചു. അടുത്ത കാലത്തായി രാജ്യത്ത് ഉടനീളം വളർന്നു വരുന്ന സംഘപരിവാർ രാഷട്രീയക്കാരുടെ അക്രമ രാഷ്ട്രീയത്തിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് യെച്ചൂരിക്ക് നേരെയുണ്ടായ കൈയ്യേറ്റം. അപ്രിയമായ ആശയം പ്രചരിപ്പിക്കുന്നവരേയും അഭിപ്രായം പറയുന്നവരേയും ഭീഷണിപ്പെടുത്തി അവരുടെ നാവടപ്പിക്കാൻ സാധിക്കുമെന്നുള്ള സംഘപരിവാർ സംഘടനകളുടെ ആഗ്രഹം വ്യാമോഹം മാത്രമാണ്.
സീതാറാം യെച്ചൂരി സി.പി.എം ജനറൽ സെക്രട്ടറി മാത്രമല്ല, ഇന്ത്യയിൽ വളർന്നു വരുന്ന മതേതര കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന പ്രമുഖനായ നേതാവു കൂടിയാണ്. അദ്ദേഹത്തിനെതിരായ അക്രമത്തെ അപലപിക്കുന്നുവെന്നും ആന്‍റണി പ്രതികരിച്ചു.
ആര്‍.എസ്.എസും അവരുടെ പിണിയാളുകളും നടത്തുന്ന ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. ആശയത്തെ ആശയം കൊണ്ട് നേരിടാന്‍ അറിയാത്ത ഭീരുക്കളാണ് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടുന്നത്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായിരിക്കുമ്പോള്‍ വിരുദ്ധമായ ആശയങ്ങള്‍ വച്ചുപുലര്‍ത്തുന്നവര്‍ എത്ര ഉന്നതരായ നേതാക്കളായാലും അവരെ കായികമായി നേരിടുമെന്ന സൂചനയാണ് ഈ അക്രമണത്തിലൂടെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ നല്‍കുന്നതെന്നും രമേശ് ചെന്നിത്തല അറിയിച്ചു.
അക്രമത്തിൽ ശക്തമായി പ്രതിഷേധിക്കുന്നു. ഇന്ത്യയിൽ ഇനിയും ഫാഷിസം സമാഗതമായിട്ടില്ല എന്ന് ആവർത്തിക്കുന്ന പ്രകാശ് കാരാട്ടിനും ഇതൊരു തിരിച്ചറിവാകട്ടെയെന്ന് വി.ടി ബൽറാം എം.എൽ.എ ഫേസ്ബുക്കിൽ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.