സി.പി.എം എന്നാൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഒാഫ് കേരള മാർകിസ്റ്റ് എന്നല്ലെന്ന് യെച്ചൂരി
text_fieldsതൃശൂര്‍: ദേശീയ രാഷ്ട്രീയ സാഹചര്യം സി.പി.എമ്മിെൻറ കേരള ഘടകത്തിനും ബാധകമാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തനിക്ക് എതിരെ ഒരു വിഭാഗം പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും യെച്ചൂരി ശക്തമായ ഭാഷയിലാണ് മറുപടി നല്‍കിയത്. വ്യക്തിപരമായ വിമര്‍ശനം നടത്തിയ ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡൻറിനെയും സംസ്ഥാന സെക്രട്ടറിയെയും അദ്ദേഹം രൂക്ഷമായി പരിഹസിക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റിയില്‍ തെൻറ ബദല്‍ രേഖയെ എതിര്‍ത്ത് പരാജയപ്പെടുത്തുന്നതില്‍ നിർണായക പങ്കുവഹിച്ച കേരള ഘടകം നേതാക്കളുടെ മുന്നിലാണ് ജനറല്‍ സെക്രട്ടറി രാഷ്ട്രീയ നിലപാട് അര്ഥശങ്കക്ക് ഇടയില്ലാത്തവിധം ആവര്‍ത്തിച്ചത്. 22ാം സംസ്ഥാന സമ്മേളനത്തിലെ ദേശീയ വിഷയം സംബന്ധിച്ച പ്രതിനിധികളുടെ ചര്‍ച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
ആര്.എസ്.എസിനെ കാര്യപ്രാപ്തിയോടെ നേരിട്ടില്ലെങ്കില്‍ വലിയ ദുരന്തമായിരിക്കും ദേശീയ ജനാധിപത്യത്തിനും മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേരിടേണ്ടി വരികയെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
പാര്‍ട്ടി ചരിത്രം പരിശോധിച്ചാല്‍ അത് ബോധ്യമാവും. ഒന്നാം യു.പി.എ സര്‍ക്കാറിനെ, അധികാരം കൈയാളാതെ സി.പി.എം പുറത്ത് നിന്ന് പിന്തുണച്ചത് താത്വിക നിലപാടിെൻറ അടിസ്ഥാനത്തിലാണ്. പ്രധാനമന്ത്രിപദം പോലും ലഭ്യമാവുന്ന സാഹചര്യം വന്നിട്ടും അത് ഏറ്റെടുക്കാതിരുന്നതും ഈ കാഴ്ച്ചപ്പാട് കാരണമാണ്. എന്നാല്‍ കാഴ്ച്ചപ്പാടുകള്‍ കാലോചിതമായി പരിഷ്കരിക്കപ്പെടും. സി.പി .െഎ -എം എന്നാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ മാര്‍ക്സിസ്റ്റ് കേരള എന്നല്ല അർഥം. ഏതെങ്കിലും സംസ്ഥാനത്തെ സാഹചര്യം അല്ല, പൊതു സാഹചര്യം വിലയിരുത്തിയാണ് നിലപാടുകളും നയങ്ങളും അടവുകളും രൂപവത്കരിക്കേണ്ടത് എന്നും യെച്ചൂരി ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് ബന്ധം വേണമെന്ന് താന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞുവെന്ന് ആരോപിക്കുന്ന പാര്‍ട്ടി സഖാക്കള്‍ സി.പി.എമ്മിെൻറ പാര്‍ട്ടി പരിപാടി വായിച്ച് നോക്കണം. കോണ്‍ഗ്രസ് ധാരണയെ കുറിച്ചല്ല താന്‍ സംസാരിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് സ്വീകരിക്കേണ്ട രാഷ്ട്രീയ അടവുനയത്തെ കുറിച്ചാണ്.
തുടര്‍ന്ന് അദ്ദേഹം കൊല്‍ക്കത്ത കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് അടവ് നയത്തില്‍ രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിശദീകരിക്കുന്ന ഭാഗത്തെ അവസാനത്തെ രണ്ട് ഖണ്ഡികകള്‍ വായിച്ചു : ‘എല്ലാ ഇടത് ജനാധിപത്യ ശക്തികളെയും മൂര്‍ത്തമായ പരിപാടിയിലൂടെ ഐക്യപ്രക്ഷോഭങ്ങളിലേക്കും സംയുക്ത പ്രസ്ഥാനത്തിലേക്കും കൊണ്ടുവരണം. അതിലൂടെയാണ് ഇടത്, ജനാധിപത്യ മുന്നണി കെട്ടിപ്പടുക്കുക. സംസ്ഥാനങ്ങളില്‍ മൂര്‍ത്തമായ പരിപാടിയുടെ അടിസ്ഥാനത്തില്‍ വിവിധ ഇടത്, ജനാധിപത്യ ശക്തികളെ ഒരു വേദിയിൽ കൊണ്ടുവരണം. ദേശീയ തലത്തില്‍ ഇടത്, ജനാധിപത്യ മുന്നണിയിലേക്ക് കൊണ്ടുവരാന്‍ കഴിയുന്ന ശക്തികളെ അണിനിരത്താന്‍ നമ്മുടെ രാഷ്ട്രീയ പ്രചാരണങ്ങളില്‍ ഇടത്, ജനാധിപത്യ ബദലാവണം ഉയര്‍ത്തിക്കാട്ടേണ്ടത്.’ ‘ പാര്‍ട്ടിയുടെ ഈ രാഷ്ട്രീയ ലൈനിെൻറ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കാനുള്ള ഉചിതമായ തെരഞ്ഞെടുപ്പ് തന്ത്രം സ്വീകരിക്കണം.’ ഇതാണ് കരട് പ്രമേയത്തില്‍ പറയുന്നതെന്ന് യെച്ചൂരി പറഞ്ഞു.
കേന്ദ്ര കമ്മിറ്റി അംഗീകരിച്ച കരട് പറയുന്നത് ബി.ജെ.പി വിരുദ്ധ വോട്ടുകള്‍ ലഭിക്കാന്‍ ഉചിതമായ രാഷ്ട്രീയ തന്ത്രം സ്വീകരിക്കണമെന്നാണെന്ന് ഓര്‍ക്കണം. ഇതാണ് പാര്‍ട്ടി കോണ്‍ഗ്രസിെൻറ പരിഗണനക്ക് പോകുന്നത്. പിന്നെന്തിനാണ് നിങ്ങള്‍ രണ്ടുപേരും എെൻറ നിലപാടിനെ വിമര്‍ശിച്ചത് എന്ന് പി.എ. മുഹമ്മദ് റിയാസിനോടും എ.എൻ. ഷംസീറിനോടും യെച്ചൂരി ചോദിച്ചു. ‘‘ഞാന്‍ ഉദ്ഘാടന പ്രസംഗത്തില്‍ എന്താണ് പറഞ്ഞതെന്ന് നിങ്ങള്‍ കേട്ടില്ല. നിങ്ങള്‍ പറഞ്ഞ ആരോപണങ്ങളില്‍ ഒന്നുപോലും എെൻറ പ്രസംഗത്തിലില്ല. നിങ്ങള്‍ ഗൂഗിളില്‍ സെര്‍ച് ചെയ്ത് കിട്ടുന്നത് പറയുന്നതല്ല ജനറല്‍ സെക്രട്ടറിയുടെ ഉദ്ഘാടന പ്രസംഗം. ലോകത്തുള്ള കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് അറിയണമെങ്കില്‍ ഗൂഗിള്‍ സെര്‍ച് ചെയ്യാം. എനിക്ക് വേണമെങ്കില്‍ ആഗോള, ദേശീയ സാഹചര്യങ്ങളെ കുറിച്ച് എത്ര വേണമെങ്കിലും സംസാരിക്കാന്‍ സാധിക്കും’’- യെച്ചൂരി വ്യക്തമാക്കി.
കോണ്‍ഗ്രസുമായി ധാരണ വേണ്ടെന്നാണ് പ്രതിനിധികളുടെ ആവശ്യം–സി.പി.എം
തൃശൂര്‍: നവ ഉദാരവത്കരണ നയങ്ങളുടെ പ്രചാരകരായ കോണ്‍ഗ്രസ് ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുമായി ഒരുതരത്തിലുള്ള സഖ്യത്തിലോ ധാരണയിലോ ഏര്‍പ്പെടരുതെന്ന് സി.പി.എം സംസ്ഥാന സമ്മേളന ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആവശ്യപ്പെട്ടതായി സംസ്ഥാന നേതൃത്വം. രാഷ്ട്രീയ കൊലപാതകത്തിന് എതിരായ വിമര്‍ശം നടന്നതായും നേതൃത്വം സമ്മതിച്ചു. ദേശീയ നേതൃത്വം ആ നിലയില്‍ തന്നെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും പ്രതിനിധികള്‍ പറഞ്ഞതായി സമ്മേളന വിവരം വിശദീകരിച്ച കേന്ദ്ര കമ്മിറ്റിയംഗങ്ങളായ എ. വിജയരാഘവനും എളമരം കരീമും പറഞ്ഞു. പാര്‍ട്ടിയുടെ സ്വതന്ത്ര ശക്തി വര്‍ധിപ്പിച്ച് വിപുല ബഹുജന മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്കുന്നതില് ഇപ്പോഴുള്ളതില്‍ അധികം ഇടപെടാന്‍ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ കഴിയണം. രാഷ്ട്രീയ സംഘര്‍ഷങ്ങളെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് യാദൃച്ഛിക സംഭവങ്ങളിലൂടെയാണ് സംഘര്‍ഷങ്ങളിൽ എത്തിപ്പെടുന്നതെന്നും അനിഷ്ടസംഭവങ്ങള്ക്കിടയാക്കുന്നതെന്നും നേതാക്കള്‍ മറുപടി നല്കി.
കണ്ണൂര്‍ എന്ന ജില്ല തിരിച്ച് ചര്‍ച്ച നടന്നില്ല. എന്നാല്‍ ആക്രമണ പ്രവണത പാര്‍ട്ടി ചര്‍ച്ച ചെയ്തു. ആക്രമണങ്ങള്‍ പാര്‍ട്ടിയുടെ വളര്‍ച്ചക്ക് വിഘാതമാവുന്നുവെന്നും പൊതുസമൂഹത്തില്‍ അവമതിപ്പ് ഉണ്ടാകുന്നതില്‍ ജാഗ്രത പുലര്‍ത്തണമെന്നും പറഞ്ഞു. ഒറ്റ തിരിഞ്ഞ ആക്രമണം ഉണ്ടാവുമ്പോള്‍ മാധ്യമ പിന്തുണയോടെ ഒരുതരം ഉത്കണ്ഠ പൊതുസമൂഹത്തില്‍ വളര്‍ത്തുന്നത് ആക്രമണം കെട്ടഴിച്ചവര്ക്ക് സഹായകമാവും. യാദൃച്ഛികമായ സംഭവങ്ങള്‍ സര്‍ക്കാറിന് എതിരെ ഉപയോഗിക്കാന്‍ കഴിയും. പാര്‍ട്ടി മുന്‍കൈ എടുത്ത് ഒരു തരത്തിലുള്ള ആക്രമണ സംഭവങ്ങളും നടത്തരുതെന്ന് നിർദേശം നല്‍കിയിട്ടുണ്ട്. സംഘർഷത്തിെൻറ പേരില്‍ വീടുകള്‍ ആക്രമിക്കാന്‍ പാടില്ലെന്നതാണ് സി.പി.എമ്മിെൻറ പൊതുസമീപനം- എ. വിജയരാഘവന് പറഞ്ഞു.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ ആവശ്യമായ നടപടി വേണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. 1957 ലെ ഒന്നാം ഇ.എം.എസ് സര്‍ക്കാറിന് ശേഷം പൊതുസമൂഹത്തില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷ വളര്‍ത്തിയ സര്‍ക്കാറും കൂടിയാണിത്. അഴിമതിരഹിത സര്‍ക്കാര്‍ ആണെന്നത് പൊതുവേ മതിപ്പ് വര്‍ധിപ്പിച്ചു. ദലിത് വിഭാഗത്തില്‍ നിന്ന് പൂജാരിമാരെ നിയോഗിച്ചത് നവോത്ഥാന കാലത്തിന് ശേഷമുണ്ടായ മികച്ച കാല്‍വെപ്പാണ്. മുന്നാക്ക വിഭാഗത്തിലെ ദരിദ്ര താല്പര്യം ഉയര്‍ത്തിപ്പിടിച്ചതും ശ്രദ്ധേയമായെന്നും അഭിപ്രായമുയര്‍ന്നു.കേരളത്തിെൻറ വ്യതിരിക്തമായ സാമൂഹ്യ സുരക്ഷാ സംവിധാനങ്ങളുടെ മികവ് സാമ്പത്തിക ഉദാരവത്കരണങ്ങളുടെ ഭാഗമായി കുറയാന്‍ ഇടയാകുന്നത് പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദേശം വന്നു. പാര്‍ട്ടിയില്‍ രൂപപ്പെട്ട ഐക്യം വളരെ പ്രധാനപ്പെട്ടതാണെന്ന് പറഞ്ഞ നേതാക്കള്‍, സമ്മേളനത്തില്‍ ഉള്ള് തുറന്ന ചര്‍ച്ചയാണ് നടന്നതെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.