യെച്ചൂരിക്ക് ആദരമേകി കേരളം; പതാക താഴ്ത്തി, ബ്രാഞ്ച് സമ്മേളനങ്ങൾ നിർത്തി
text_fieldsതിരുവനന്തപുരം: അമരക്കാരന്‍റെ അപ്രതീക്ഷിത വേർപാട് തീർത്ത ഉലച്ചിലിലാണ് സി.പി.എം കേന്ദ്രങ്ങൾ. പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ബ്രാഞ്ച് സമ്മേളനങ്ങൾ തുടരുന്നതിനിടെ സീതാറാം യെച്ചൂരിയുടെ നിര്യാണ വാർത്തയെത്തിയതോടെ സമ്മേളന നടപടികളെല്ലാം നിർത്തിവെച്ച് ഔദ്യോഗിക ദുഃഖാചരണത്തിലേക്ക് നീങ്ങുകയായിരുന്നു പാർട്ടി സെന്‍റർ. ചുമതലയിലിരിക്കെ മരിക്കുന്ന സി.പി.എമ്മിന്‍റെ ആദ്യം ജനറൽ സെക്രട്ടറിയാണ് എന്നതിനാൽ വിശേഷിച്ചും.
എ.കെ.ജി സെൻററിൽ യെച്ചൂരിയുടെ ചിത്രത്തിൽ നേതാക്കളെല്ലാം ആദരവേകാൻ വ്യാഴാഴ്ച രാത്രി വൈകിയും എത്തിയിരുന്നു. മൂന്നുദിവസം ദുഃഖം ആചരിക്കാനാണ് സംസ്ഥാന കമ്മിറ്റിയുടെ നിർദേശം. ഒരാഴ്ചത്തേക്ക് പാർട്ടി പതാക താഴ്ത്തിക്കെട്ടി. ഏപ്രിലിൽ മധുരയിൽ നടക്കുന്ന പാർട്ടി കോൺഗ്രസിന് സാരഥ്യം വഹിക്കേണ്ട നേതാവായിരുന്നു സീതാറാം. കേരളത്തിലെ പാർട്ടിക്ക് ആശയപരവും സംഘടനപരവുമായ കരുത്ത് നൽകിയ നേതാവ് കൂടിയാണ് അദ്ദേഹം. വി.എസുമായി ആത്മബന്ധമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.
അപ്പോഴും പക്ഷപാതത്തിന്‍റെ ആരോപണ വരകളിൽനിന്ന് അദ്ദേഹം മാറിനടന്നു. സംശയത്തിന്‍റെ നിഴലുകൾക്ക് ഇടംകൊടുത്തില്ല. 30 വയസ്സിന്‍റെ വ്യത്യാസമായിരുന്നു ഇരുവർക്കുമിടയിൽ. കൊല്ലത്ത് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽവെച്ചാണ് യെച്ചൂരി വി.എസിനെ പരിചയപ്പെട്ടത്. 1984 മുതല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയില്‍ ഇരുവരും ഒന്നിച്ചു. ബദൽരേഖ വിവാദത്തിൽ പാർട്ടിയിൽനിന്ന് എം.വി. രാഘവൻ പുറത്തായശേഷം നടന്ന തെരഞ്ഞെടുപ്പിൽ രണ്ടാഴ്ചയോളം വി.എസിന്‍റെ ആവശ്യപ്രകാരം യെച്ചൂരി കേരളത്തിൽ തങ്ങി. ഈ സമയത്താണ് സൗഹൃദം ഊഷ്മളമായത്. തുടര്‍ന്ന് 1987ല്‍ ഹര്‍കിഷന്‍ സിങ് സുര്‍ജിത്തിനൊപ്പം ഇരുവരും നടത്തിയ വിദേശയാത്രയോടെ കൂടുതല്‍ അടുത്തു. ഒടുവില്‍ 2016ല്‍ വി.എസിന് മുഖ്യമന്ത്രി സ്ഥാനമില്ലെന്ന് സ്നേഹത്തോടെ പറയാനും യെച്ചൂരി വേണ്ടിവന്നു. വി.എസിനെ കേരളത്തിന്റെ ഫിദല്‍ കാസ്ട്രോ എന്ന് വിശേഷിപ്പിച്ചതും ഇതേ വാർത്തസമ്മേളനത്തിൽ.
പാർട്ടിക്ക് അതീതമായ സൗഹൃദങ്ങൾ യെച്ചൂരി എന്നും സൂക്ഷിച്ചിരുന്നു. എ.കെ. ആന്റണിയടക്കം കോൺഗ്രസ് നേതാക്കളും വിവിധ സാംസ്‌കാരിക നായകൻമാരും സാഹിത്യ, സാംസ്‌കാരിക രംഗത്തുള്ളവരും അദ്ദേഹത്തിന്റെ സുഹൃത് വലയത്തിലുണ്ടായിരുന്നു. പാർട്ടി പരിപാടികൾക്കായി എത്തുമ്പോഴെല്ലാം ഈ സൗഹൃദം അദ്ദേഹം പുതുക്കിയിരുന്നു. പുത്തരിക്കണ്ടം മൈതാനവും ശംഖുംമുഖം കടപ്പുറവും പൂജപ്പുര മൈതാനവുമെല്ലാം നിരവധി തവണ അദ്ദേഹത്തിന്റെ വാക്കുകൾ മുഴങ്ങിക്കേട്ട സ്ഥലങ്ങളാണ്. ഫെബ്രുവരിയിൽ മാതൃഭൂമി സാഹിത്യോത്സവത്തിലും അദ്ദേഹം പങ്കെടുത്തിരുന്നു. രാമക്ഷേത്രത്തെക്കുറിച്ചും ഇടതുപക്ഷത്തിന്റെ മതേതര കാഴ്‌ചപ്പാടുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് യെച്ചൂരി നൽകിയ മറുപടി സദസ്സ് കൈയടികളോടെയാണ് സ്വീകരിച്ചത്. തലസ്ഥാനത്ത് അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടി ആറ്റിങ്ങിലായിരുന്നു.
ഏപ്രിൽ 21ന് ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായിരുന്നു അത്. ജൂണിലെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാനും അദ്ദേഹമെത്തി. ജൂലൈയിൽ നടന്ന പാർട്ടി മേഖല റിപ്പോർട്ടിങ്ങിന് കോഴിക്കോട്ടും കൊല്ലത്തും എത്തിയ അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയതും തിരുവനന്തപുരത്ത് എത്തിയ ശേഷമായിരുന്നു.
മുഖ്യമന്ത്രിയടക്കമുള്ളവർ ഡൽഹിയിലെത്തി
ന്യൂഡൽഹി: അന്തരിച്ച സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അന്ത്യോപചാരമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ്, അബ്ദുറ്ഹ്മാൻ, പൊളിറ്റ് ബ്യൂറോ അംഗം എം.എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ.പി ജയരാജൻ, ശ്രീമതി ടീച്ചർ, എം.പിമാരായ ജോൺ ബ്രിട്ടാസ്, എ.എ റഹീം തുടങ്ങി കേരളത്തിൽ നിന്ന് നിരവധി പേരാണ് വെള്ളിയാഴ്ച ഡൽഹിയിലെത്തിയത്.
ശനിയാഴ്ച രാവിലെ പൊതുദർശനത്തിന് വെക്കുന്ന എ.കെ.ജി ഭവനിൽ നേതാക്കൾ യെച്ചൂരിയുടെ ഭൗതിക ശരീരത്തിൽ പുഷ്പാർചന നടത്തും. എം.എ ബേബി, ജോൺ ബ്രിട്ടാസ്, എ.എ റഹീം എന്നിവർ എയിംസിൽ നിന്നും മൃതദേഹത്തെ അനുഗമിച്ച് ജെ.എൻ.യു കാമ്പസിൽ എത്തുകയും അവിടെ നിന്നും പുഷ്പാർചന നടത്തുകയും ചെയ്തിരുന്നു.
ശനിയാഴ്ച കൂടുതൽ മന്ത്രിമാരും നേതാക്കളും കേരളത്തിൽ നിന്നും ഡൽഹിയിലെത്തുമെന്ന് പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.