രാഹുലിനെതിരെ യെച്ചൂരി; ‘ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് തടഞ്ഞിട്ടുമതി വിമർശനം’
text_fieldsകണ്ണൂർ: പിണറായി വിജയൻ മോദിയെ വിമർശിക്കുന്നില്ലെന്ന് ആരോപിക്കുന്ന രാഹുൽ ഗാന്ധി ആദ്യം കോൺഗ്രസ് നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നത് തടയട്ടെയെന്ന് സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എ.ഐ.സി.സി അംഗങ്ങളും മുതിർന്ന നേതാക്കളും ബി.ജെ.പിയിൽ ചേക്കേറുന്നത് തടയാൻ കഴിയാത്തവർ പിണറായി വിജയനെയും ഇടതുപക്ഷത്തെയും വിമർശിക്കുന്നതിൽ അർഥമില്ല. കേരളത്തിൽ ആന്റണിയുടെയും കെ. കരുണാകരന്റെയും മക്കൾ എങ്ങോട്ടാണ് പോയത്. സംഘ്പരിവാറിനെതിരെ യഥാർഥ പോരാട്ടം നടത്തുന്നത് ഇടതുപക്ഷമാണെന്നും യെച്ചൂരി കണ്ണൂരിൽ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
മോദി സർക്കാറിന്റെ 10 വർഷം ഭരണഘടനയുടെ തൂണുകളെല്ലാം തകർത്തു. സ്വതന്ത്രമായി പ്രവർത്തിക്കേണ്ട ജുഡീഷ്യറിയും തെരഞ്ഞെടുപ്പ് കമീഷനും സി.ബി.ഐയും ഇ.ഡിയും അടക്കം മോദിയുടെ കൈയിലെ കളിപ്പാവകളായി. പ്രധാനമന്ത്രി കേരളത്തിലെത്തി വികസനത്തെക്കുറിച്ചും മോദി ഗ്യാരന്റിയെക്കുറിച്ചും സംസാരിക്കുകയാണ്. മോദി മുമ്പ് നൽകിയ ഗ്യാരന്റികളിൽ ഒന്നുപോലും നടപ്പാക്കാനായിട്ടില്ല. കേന്ദ്ര എജൻസികളെ ഉപയോഗിച്ച് കമ്പനികളിൽ പരിശോധന നടത്തി ഇലക്ടറൽ ബോണ്ട് നൽകാൻ നിർബന്ധിതരാക്കുന്നു. പണം വാങ്ങിയ കമ്പനികൾക്ക് കരാറുകൾ നൽകുന്നു. ഇലക്ടറൽ ബോണ്ട് നൽകിയതിനെക്കാൾ എത്രയോ ഇരട്ടി ലാഭം കമ്പനികൾ ഉണ്ടാക്കുന്നു.
ഈ പണം എവിടെനിന്നാണ് വരുന്നതെന്നും അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടോ എന്ന കാര്യങ്ങൾ അന്വേഷിക്കുന്നില്ല. ബി.ജെ.പി സ്ഥാനാർഥി പട്ടികയിൽ ഏറെയും മറ്റ് രാഷ്ട്രീയ പാർട്ടികളിൽനിന്ന് വന്നവരാണെന്നും യെച്ചൂരി പറഞ്ഞു. ജില്ല ആക്ടിങ് സെക്രട്ടറി ടി.വി. രാജേഷും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.