കോൺഗ്രസിന്റേറത് മൃദുഹിന്ദുത്വ നിലപാട് -യെച്ചൂരി
text_fieldsകൊച്ചി: മൃദുഹിന്ദുത്വവുമായുള്ള ഏറ്റവും ലോലമായ ചങ്ങാത്തം പോലും ഹിന്ദുത്വ അജണ്ടക്ക് സഹായകമാവുകയേയുള്ളൂവെന്നും അതാണ് കോൺഗ്രസ് ചെയ്തുകൊണ്ടിരിക്കുന്നതെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി. ഈ ചങ്ങാത്തം കാരണം മുൻകാലത്തെ അപേക്ഷിച്ച് കോൺഗ്രസ് ദുർബലമായിരിക്കുകയാണെന്നും അദ്ദേഹം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ കോൺഗ്രസിനെ പരാമർശിക്കാത്തതിൽ പ്രതിനിധി ചർച്ചയിൽ യെച്ചൂരിക്കെതിരെ വിമർശം ഉണ്ടായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ, 'ഉദ്ഘാടന പ്രസംഗം പാർട്ടിക്ക് വേണ്ടിയുള്ളതായിരുന്നു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് വേണ്ടിയല്ല. ഇത്തരം വിഷയങ്ങൾ പൊതുസമ്മേളനത്തിൽ പറയു'മെന്നായിരുന്നു പ്രതികരണം
ഏതുസമയത്തും ഏതു കോൺഗ്രസ് നേതാവിനെയും ബി.ജെ.പിയിലേക്ക് കൊണ്ടുവരാൻ കഴിയും എന്നതിനാൽ ആർ.എസ്.എസിലും ബി.ജെ.പിയിലെയും ഭൂരിപക്ഷവും കോൺഗ്രസിനെ ഒരു ഭീഷണിയായി കരുതുന്നുമില്ല. ദുർബലമായ കോൺഗ്രസിന് ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്ന വെല്ലുവിളി ഏറ്റെടുക്കാൻ കഴിയില്ല. എല്ലാ മതേതര ശക്തികളെയും ഒന്നിച്ച് കൊണ്ടുവരാൻ കഴിയുന്ന ശക്തമായ ഇടതുപക്ഷമാണ് വേണ്ടത്. കേരളത്തിൽ ഹിന്ദുത്വത്തെ കോൺഗ്രസ് നേരിടുന്നത് എങ്ങനെയെന്നത് എല്ലാവർക്കും അറിയുന്നതാണ്. പലപ്രാവശ്യം എൽ.ഡി.എഫ് സർക്കാറിനെതിരെ കോൺഗ്രസ് ബി.ജെ.പിക്കൊപ്പം ചേർന്നാണ് നിന്നിട്ടുള്ളത്.
ഈ ഒത്തുതീർപ്പ് മനോഭാവം ബി.ജെ.പിയെ അധികാരത്തിൽനിന്ന് പുറത്താക്കുകയെന്ന ലക്ഷ്യത്തിലേക്ക് മുന്നേറാനും അത് നേടാനും സഹായകരമാവില്ല. ഭൂരിപക്ഷ ഹിന്ദുത്വ വർഗീയതയെ നേരിടാൻ ന്യൂനപക്ഷ തീവ്രവാദത്തെ അണിനിരത്തുന്നത് ഒടുവിൽ ഹിന്ദുത്വ അജണ്ടക്കേ സഹായകമാവൂ. അടുത്ത കാലത്തുണ്ടായ പല പ്രശ്നങ്ങളിലും അതാണ് കാണാൻ കഴിയുന്നത്. ന്യൂനപക്ഷങ്ങളും രാജ്യസ്നേഹികളും മതേതര മനോഭാവമുള്ളവരും മതേതര ജനാധിപത്യ മുഖ്യധാരയിൽ ഒരുമിച്ച് ചേർന്ന് ഈ വെല്ലുവിളിയെ നേരിടണം.
യു.പി തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതിരോധത്തിലാണ്. അത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നാണ് കരുതുന്നത്. ഫലം പ്രവചിക്കാനാവില്ല. ഉത്തരഖണ്ഡിലും ഗോവയിലും അവർ പ്രതിരോധത്തിലാണ്. മണിപ്പൂരിൽ അവർ നേരത്തേ രാജ്യവിരുദ്ധരെന്ന് ആരോപിച്ച സംഘടനകളുമായി അവസരവാദ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. പഞ്ചാബിലും ഫലം പ്രവചനാതീതമാണ്. ഭരണകക്ഷിയായ കോൺഗ്രസിന് അവിടെ മുൻതൂക്കം ഉണ്ട്. ആരു ജയിച്ചാലും തങ്ങൾ സർക്കാർ രൂപവത്കരിക്കുമെന്നാണ് ബി.ജെ.പിയുടെ പ്രമാണം. ജനപിന്തുണ നേടാൻ അവരുടെ കൈവശമുള്ള ഏക ആയുധം വർഗീയ ധ്രുവീകരണമാണ്. അതിനെ ഇത്തവണ ജനങ്ങൾ തള്ളിക്കളയുമെന്നാണ് കരുതുന്നതെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.