ഡല്‍ഹിയില്‍ പറയുന്നത് കേരളത്തില്‍ പറയാന്‍ യെച്ചൂരിക്ക് പേടി -വി.ഡി. സതീശൻ
text_fieldsതൃശൂർ: കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയമാണ് സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസില്‍ എല്ലാ ദിവസവും ചര്‍ച്ച ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടനിലക്കാര്‍ വഴി സംഘപരിവാര്‍ നേതൃത്വവുമായി ഉണ്ടാക്കിയ അവിഹിത ബന്ധത്തിന്റെ പ്രതിഫലനമാണ് പാര്‍ട്ടി കോണ്‍ഗ്രസിലും നടക്കുന്നതെന്നും അദ്ദേഹം തൃശൂരിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
സര്‍ക്കാറിനെതിരെ കേന്ദ്ര ഏജന്‍സികള്‍ നടത്തിയ അന്വേഷണം അവസാനിപ്പിക്കാനും സില്‍വര്‍ ലൈനിന് വേണ്ടി മോദിക്കും പിണറായിക്കും ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാര്‍ തന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍, കോണ്‍ഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിനായി പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയില്‍ ബി.ജെ.പി വിരുദ്ധ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസുമായി ചേരാനുള്ള സി.പി.എം ദേശീയ നേതൃത്വത്തിന്റെ ശ്രമത്തെ പരാജയപ്പെടുത്തുമെന്ന ഉറപ്പ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ സി.പി.എം സംഘപരിവാര്‍ നേതൃത്വത്തിന് നല്‍കിയിട്ടുണ്ട്.
അതാണ് കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ നടക്കുന്നത്. ഈ കോണ്‍ഗ്രസ് വിരുദ്ധത മകന്‍ മരിച്ചാലും കുഴപ്പമില്ല, മരുമകളുടെ കണ്ണീര് കണ്ടാല്‍ മതിയെന്ന് ആഗ്രഹിക്കുന്ന ചില അമ്മായി അമ്മമാരെ പോലെയാണ്. ഏതു ചെകുത്താനുമായും കൂട്ടുകൂടി കോണ്‍ഗ്രസിനെ തോല്‍പിക്കണമെന്ന് ആഹ്വാനം ചെയ്ത പഴയ ചില നേതാക്കളുടെ പിന്‍മുറക്കാരായി നിന്നാണ് ഇവര്‍ പ്രസംഗിക്കുന്നത്. ഇവര്‍ക്ക് ഇടതുപക്ഷ ലൈനല്ല, തീവ്ര വലതുപക്ഷ ലൈനിലേക്ക് ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ സി.പി.എം മാറി. ദേശീയ നേതൃത്വത്തെ നിയന്ത്രിക്കുന്ന സംസ്ഥാന കമ്മിറ്റിയാണ് കേരളത്തിലേത്.
ദേശീയ നേതൃത്വത്തിന് സ്വന്തമായി അഭിപ്രായ പ്രകടനം നടത്താന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന പാര്‍ട്ടി കോണ്‍ഗ്രസായാകും സി.പി.എം ചരിത്രത്തില്‍ കണ്ണൂരിലെ പാര്‍ട്ടി കോണ്‍ഗ്രസ് വിലയിരുത്തപ്പെടാന്‍ പോകുന്നത്. ഡല്‍ഹിയില്‍ പറയുന്ന അഭിപ്രായം കേരളത്തില്‍ പറയാന്‍ സീതാറാം യെച്ചൂരിക്ക് പോലും പേടിയാണ്. ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തി ബി.ജെ.പിയുമായി ചേര്‍ന്നുള്ള ബന്ധത്തിന്റെ അജൻഡയാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കേരളത്തിലെ സി.പി.എം നേതൃത്വവും പിണറായി വിജയനും നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നും സതീശൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.