ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; 12 ജില്ലകളിൽ യെല്ലോ അലർട്ട്
text_fieldsതിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്രന്യൂനമർദമായി മാറി. പടിഞ്ഞാറ് വടക്കു-പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ച് ന്യൂനമർദം വെള്ളിയാഴ്ച പുതുച്ചേരിക്ക് ഇടയിലൂടെ വടക്കൻ തമിഴ്നാട്- തെക്ക് ആന്ധ്രാപ്രദേശ് തീരത്ത് കരയിൽ പ്രവേശിക്കും. അതേസമയം അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം മഹാരാഷ്ട്ര തീരത്തിനുസമീപം സ്ഥിതിചെയ്യുകയാണ്.
ഈ ന്യൂനമർദം കേരളതീരത്ത് ഭീഷണി സൃഷ്ടിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ന്യൂനമർദങ്ങളുടെ ഫലമായി തിരുവനന്തപുരം, കൊല്ലം ഒഴികെ 12 ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്ന് സർക്കാർ ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
എന്നാൽ തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്ന വടക്കൻ തമിഴ്നാട് തീരങ്ങളിലും, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും, ആന്ധ്രാപ്രദേശ് തീരങ്ങളിലും മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.