ചികിത്സക്ക് കാരുണ്യം തേടി യമൻ ബാലനും കുടുംബവും പാണക്കാട്ട്
text_fieldsമലപ്പുറം: കേരളത്തിന്റെ വറ്റാത്ത കാരുണ്യത്തിലേക്ക് കടൽ കടന്നെത്തിയ യമൻ ബാലനും കുടുംബവും സഹായഭ്യർഥനയുമായി പാണക്കാട്ടുമെത്തി. ചൊവ്വാഴ്ച രാവിലെ സാദിഖലി ശിഹാബ് തങ്ങളുടെ വീട്ടിലെത്തിയ ഹാഷിം യാസിന് അഹമ്മദും മാതാപിതാക്കളും പ്രതീക്ഷയോടെയാണ് മടങ്ങിയത്. മകന്റെ ചികിത്സക്കുള്ള സഹായാഭ്യര്ഥനയുമായാണ് ഹാഷിം യാസിമിന്റെ കുടുംബവും യമനിൽ ഒരുമിച്ച് ജോലി ചെയ്തിരുന്ന പത്തനംതിട്ട സ്വദേശിനി ശ്രീജയും മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളെ കാണാനെത്തിയത്. കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തില്‍ സഹായം നല്‍കണമെന്ന് കുടുംബം തങ്ങളോട് അഭ്യര്‍ഥിച്ചു. നമ്മുടെ നാട്ടില്‍ വന്നിട്ട് ചികിത്സ കിട്ടാതെ പോകുന്നത് ശരിയല്ലെന്നും അസുഖം ഭേദമാകാന്‍ വേണ്ടത് ചെയ്യാമെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
കേരളം മുന്നിട്ടിറങ്ങിയാല്‍ നടക്കാത്തതായി ഒന്നുമില്ല. ഇതേ രോഗം ബാധിച്ച നിരവധി കുട്ടികള്‍ക്ക് കോടികൾ നമ്മള് പിരിച്ചെടുത്തതാണെന്നും തങ്ങൾ പറഞ്ഞു. കുടുംബത്തിന്റെ ദുരവസ്ഥയെക്കുറിച്ച് ദിവസങ്ങൾക്ക് മുമ്പ് ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. പേശികള്‍ തളരുന്ന സ്പൈനല്‍ മസ്കുലര്‍ അട്രോഫി (എസ്.എം.എ) ബാധിച്ച ഹാഷിം യാസിന് ഉടൻ മരുന്ന് നല്‍കിയില്ലെങ്കില്‍ ജീവന് നഷ്ടമാകുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
മരുന്നിനും ചികിത്സക്കുമായി ഒന്നരക്കോടി രൂപയാണ് വേണ്ടത്. ഇത്രയും തുക കുടുംബത്തിന് താങ്ങാവുന്നതിനപ്പുറമാണ്. യമന്‍ സ്വദേശികളായ യാസിന് അഹമ്മദ് അലിയുടേയും തൂണിസ് അബ്ദുല്ലയുടേയും ഏകമകനാണ് ഹാഷിം യാസിന്. വര്‍ഷങ്ങള്‍ക്കുമുമ്പ് യമനില്‍ ഒരുമിച്ച് ജോലി ചെയ്യുകയും ഒരു കുടുംബമായി ജീവിക്കുകയും ചെയ്തവരാണ് തൂണിസിന്റെയും ശ്രീജയുടെയും കുടുംബങ്ങള്‍.
രണ്ടുമാസം മുമ്പാണ് ഫാര്‍മസിസ്റ്റായിരുന്ന യാസിനും നഴ്സായിരുന്ന തൂണിസയും നാട്ടിലെ സകലതും വിറ്റ് കിട്ടിയ 10 ലക്ഷവുമായി മുംബൈയിലേക്ക് വിമാനം കയറിയത്. അവിടെ നടന്ന പരിശോധനയിലാണ് കുഞ്ഞിന് എസ്.എം.എയാണെന്ന് അറിഞ്ഞത്. കൈയിലുള്ള പണം മുഴുവന്‍ തീര്‍ന്നു. അപ്പോഴാണ് പഴയ സഹപ്രവര്‍ത്തകയും കൂട്ടുകാരിയുമായിരുന്ന ശ്രീജയെ ബന്ധപ്പെട്ടത്. പലരോടും ശ്രീജ ഇതിനകം സഹായം അഭ്യര്‍ഥിച്ചെങ്കിലും രണ്ടാഴ്ചക്കിടെ ലഭിച്ചത് ഒരുലക്ഷം രൂപ മാത്രമാണ്. ഇതിനിടയിലാണ് കൂടുതൽ പേരിലേക്ക് സഹായ വാർത്ത എത്തുമെന്ന പ്രതീക്ഷയിൽ കുടുംബം പാണക്കാട്ടെത്തിയത്. സഹായം അയക്കാം-ബാങ്കിന്റെ പേര്: RBL Bank. അക്കൗണ്ട് നമ്പര്‍: 2223330060464616. അക്കൗണ്ട് നെയിം: Hashem Yaseen Ahmed. ഐ.എഫ്.എസ്.സി: RATN0VAAPIS.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.