യമനിൽ നിന്ന് ഹാഷിമെത്തി; അമ്മത്തണൽ വിരിച്ച് ശ്രീജ
text_fieldsകോഴഞ്ചേരി: യുദ്ധത്താൽ തകർന്ന നാട്ടിൽ നിന്ന് ഉള്ളത് വിറ്റുപെറുക്കി കുഞ്ഞിനെ രക്ഷിക്കാനാണ് ആ കുടുംബം എത്തിയത്.
ചികിത്സക്കിടെ കൈയിലെ പണം തീർന്നപ്പോൾ മുമ്പ് ഒരു കുടുംബം പോലെ ജീവിച്ച സഹപ്രവർത്തകയായ മലയാളിയായ ശ്രീജ ഉല്ലാസിന്റെ സഹായം തേടി. മൂന്നേകാൽ വയസ്സുകാരനായ മകൻ ഹാഷിം യാസിൻ അഹമ്മദിന്റെ ജീവൻ നിലനിർത്താനുള്ള പോരാട്ടത്തിലാണ് യമനീ ദമ്പതികളായ യാസിൻ അഹമ്മദ് അലിക്കും തൂണിസ് അബ്ദുല്ലക്കും ഒപ്പം പോറ്റമ്മയായ ശ്രീജയും.
പേശികൾ തളരുന്ന സ്പൈനൽ മസ്കുലാർ അട്രോഫി (എസ്.എം.എ) രോഗം ബാധിച്ച ഹാഷിമിന് ആറുമാസമേ ജീവൻ ശേഷിക്കൂവെന്ന് ഡോക്ടർമാർ വിധി എഴുതി. ഉടൻ മരുന്ന് നൽകണം. 24 ബോട്ടിൽ മരുന്ന് മുംബൈയിലെ കമ്പനി നൽകാമെന്ന് ഏറ്റിട്ടുണ്ട്.
ഇതിന് 1.50 കോടി രൂപ യമനീസ് കുടുംബത്തിനും ശ്രീജക്കും താങ്ങാവുന്നതിനപ്പുറമാണ്. യാസിൻ-തൂണിസ് ദമ്പതികൾ മകനൊപ്പം പത്തനംതിട്ട കോഴഞ്ചേരി കോളജ് ജങ്ഷനിലെ നെടിയത്ത് വീട്ടിൽ ശ്രീജക്കൊപ്പമുണ്ട്.
ഒന്നര വയസ്സുവരെ ഓടിനടന്ന കുഞ്ഞ് തളർന്നിരിക്കാൻ തുടങ്ങിയതോടെ ഫാർമസിസ്റ്റായിരുന്ന യാസീനും നഴ്സായിരുന്ന തൂണിസും നാട്ടിലെ സകലതും വിറ്റ് 10 ലക്ഷം രൂപയുമായി രണ്ടുമാസം മുമ്പ് മുംബൈയിൽ എത്തിയത്.
പരിശോധനയിൽ എസ്.എം.എയാണെന്ന് കണ്ടെത്തി. പണം തീർന്നതോടെ ഇരുവരും കഴിഞ്ഞമാസം മൂന്നിന് സഹപ്രവർത്തകയായിരുന്ന ശ്രീജയുടെ ആശ്രയം തേടി.
യുദ്ധം കലുഷിതമാകുന്നതിനുമുമ്പ് യമനിൽ വർഷങ്ങൾ ഒരുമിച്ച് ജോലി ചെയ്യുകയും ജീവിക്കുകയും ചെയ്തതാണ് തൂണിസിന്റെയും ശ്രീജയുടെയും കുടുംബങ്ങൾ.
കുഞ്ഞിന് വിദഗ്ധ ചികിത്സ അഭ്യർഥിച്ച് സ്ഥലം എം.എൽ.എ കൂടിയായ ആരോഗ്യമന്ത്രി വീണ ജോർജ്, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, ആന്റോ ആന്റണി എം.പി തുടങ്ങിയവരെ സമീപിച്ചിരുന്നു.
കുട്ടിയെ ശ്രീജയും ബന്ധുക്കളും ചേർന്ന് കൊച്ചി വി.പി.എസ് ലേക്ഷോർ ആശുപത്രിയിൽ എത്തിച്ച് ചികിത്സ തുടങ്ങി. നല്ലവരായ എല്ലാ മനുഷ്യരും ചേർന്ന് നമ്മുടെ നാട്ടിൽ വന്ന ഈ അതിഥിയായ കുഞ്ഞു ഹാഷിമിനെ രക്ഷിക്കണമെന്ന് ശ്രീജ അഭ്യർഥിക്കുന്നു.
എസ്.എം.എ ബാധിതരായ കുഞ്ഞുങ്ങൾക്ക് സൗജന്യ മരുന്നുനൽകുന്ന സംസ്ഥാന സർക്കാർ പദ്ധതിയിൽ കുട്ടിയെക്കൂടി ഉൾപ്പെടുത്തണമെന്നും ഇവർ അപേക്ഷിച്ചു.
സാമ്പത്തികമായി തകർന്ന യമനിൽ ഇത്തരം വിദഗ്ധ ചികിത്സകൾ ലഭ്യമല്ലെന്നും സുമനസ്സുകൾ സഹായിക്കണമെന്നും യാസിൻ അഹമ്മദ് അലി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.