ഇന്നലെ പെയ്തത് ഈ മൺസൂണിലെ എറ്റവും കൂടിയ മഴ; കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ടയിൽ, കുറവ് വയനാട്ടിൽ
text_fieldsതിരുവനന്തപുരം: ബുധനാഴ്ച മാത്രം സംസ്ഥാനത്ത് പെയ്തത് 80 മി.മീറ്റർ മഴയാണ്. ഈ മൺസൂണിൽ ലഭിക്കുന്ന ഏറ്റവും കൂടിയ മഴയാണ് ബുധനാഴ്ച രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച 50 മി.മീറ്റർ മഴയാണ് ലഭിച്ചത്. സംസ്ഥാനത്തെ മഴക്കുറവിൽ വലിയമാറ്റമാണ് രണ്ടുദിവസം കൊണ്ട് സംഭവിച്ചത്.
ജൂൺ ഒന്നിനാരംഭിച്ച കാലവർഷം ഒരു മാസം പിന്നിടുമ്പോഴും ശരാശരി ലഭിക്കേണ്ട മഴയുടെ പകുതിപോലും ലഭിച്ചിരുന്നില്ല. എന്നാൽ ജൂലൈ മൂന്ന് മുതൽ ഇടമുറിയാതെ മഴ പെയ്തപ്പോൾ മഴക്കുറവ് കുത്തനെ താഴ്ന്ന് ശരാശരിയോടടുത്തെത്തി. ബുധനാഴ്ച വരെയുള്ള കാലാവസ്ഥവകുപ്പിന്റെ കണക്കുപ്രകാരം 32 ശതമാനത്തിന്റെ മഴക്കുറവ് മാത്രമാണുള്ളത്.
ജില്ലാ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ മഴക്കുറവ് രേഖപ്പെടുത്തിയത് വയനാട് ജില്ലയിലാണ്. 60 ശതമാനം മഴക്കുറവാണ് ഇപ്പോഴും വയനാടുള്ളത്. ഇടുക്കിയിലും ശരാശരി മഴയേക്കാൾ 52 ശതമാനം കുറവാണ് ലഭിച്ചത്.
ആലപ്പുഴ, എറണാകുളം, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളിൽ മഴയുടെ അളവ് ശരാശരിയിലെത്തി. പത്തനംതിട്ടയിൽ അറ് ശതമാനം അധികമഴയും ലഭിച്ചു. എന്നാൽ സംസ്ഥാനത്ത് പരക്കെ മഴതുടരുന്നതിനാൽ മഴക്കുറവ് ശരാശരി മറികടക്കാൻ രണ്ടുദിവസം മതിയാകും.
അതേസമയം, അതിതീവ്ര മഴ സംസ്ഥാനത്ത് വൻ നാശനഷ്ടങ്ങളാണ് സൃഷ്ടിച്ചത്. നിരവധി വീടുകൾ തകർന്നു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിരവധി മരങ്ങൾ നിലംപൊത്തി. തളിപ്പറമ്പ് താലൂക്കിലെ ആലക്കോട് വെള്ളാട് വില്ലേജ് കാപ്പിമലയില്‍ ഉരുള്‍പൊട്ടി. തീരദേശത്ത് കടലാക്രമണം രൂക്ഷമായി. 64 ദുരിതാശ്വാസ ക്യാമ്പുകളിലായി 1154 പേരെ മാറ്റിപ്പാർപ്പിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് മഴക്കെടുതി രൂക്ഷം. പത്തനംതിട്ടയിൽ 27 ക്യാമ്പുകൾ തുറന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.