ഓടിയെത്താൻ കഴിയാത്ത ദൂരത്തിലാണ്..., മനസ്സുകൊണ്ട് പ്രണമിക്കാനേ കഴിയുന്നുള്ളൂ, വിഷമം പറഞ്ഞറിയിക്കാൻ വയ്യ -യേശുദാസ്
text_fieldsഅന്തരിച്ച മലയാളത്തിന്റെ പ്രിയ ഗായകൻ പി.ജയചന്ദ്രനെ അനുസ്മരിച്ച് ഗാനഗന്ധർവൻ കെ.ജെ.യേശുദാസ്. സഹോദര തുല്യനായ ജയചന്ദ്രന്റെ വേർപാടിൽ പറഞ്ഞറിയിക്കാനാവാത്ത ദുഖമുണ്ടെന്നും ഓർമകൾ മാത്രാമാണ് ഇനി പറയാനും അനുഭവിക്കാനുള്ളൂവെന്നും യേശുദാസ് അനുസ്മരിച്ചു.
വാക്കുകൾ നഷ്ടമാകുന്ന വേദനയിലാണ്. ജയചന്ദ്രന്റെ ആരോഗ്യപ്രശ്നങ്ങൾ ഭേദമായി എന്ന് കുറേനാൾ മുൻപ് കേട്ടപ്പോൾ വലിയ ആശ്വാസം തോന്നിയിരിന്നു. എന്നാൽ ഒാർക്കാപുറത്ത് ഇങ്ങനെ വിട്ടുപോകുമെന്ന് കരുതിയില്ല. പാട്ടിലെ സമകാലികർ എന്നതിന് അപ്പുറത്ത് സഹോദര തുല്യമായ ബന്ധമാണ് തങ്ങൾക്കിടയിലുണ്ടായിരുന്നതെന്ന് യേശുദാസ് അനുസ്മരിച്ചു. ജയചന്ദ്രന്റെ ജ്യേഷ്ഠൻ സുധാകരൻ വഴിയാണ് ഞങ്ങളുടെ ബന്ധം തുടങ്ങുന്നത്. ഒരു ചെറിയ അനുജനായി ഞങ്ങൾക്കൊപ്പം ചേർന്ന വ്യക്തിയാണ്. പിന്നീട് ആ സൗഹൃദം ഏറെ വളർന്നു. ഓടിയെത്താൻ കഴിയാത്ത ദൂരത്തായതിനാൽ പ്രിയ സഹോദരനെ മനസ്സുകൊണ്ട് പ്രണമിക്കാനേ കഴിയുന്നുള്ളൂ. ആത്മാവിന് വേണ്ടി പ്രാർഥിക്കുന്നുവെന്ന് യേശുദാസ് അനുസ്മരിച്ചു.
അര്ബുദബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്ന മലയാളത്തിലെ പ്രിയ ഗായകൻ വ്യാഴാഴ്ച രാത്രി 7.54നാണ് ലോകത്തോട് വിടചൊല്ലിയത്.
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി 16000 ലേറെ ഗാനങ്ങൾ പി. ജയചന്ദ്രൻ പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഒരു തവണയും സംസ്ഥാന ചലച്ചിത്ര പുരസ്കാരം അഞ്ചു തവണയും അദ്ദേഹത്തെ തേടിയെത്തി. കേരള സർക്കാരിന്റെ ജെസി ഡാനിയൽ പുരസ്കാരവും ലഭിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി ബഹുമതി, നാലുവട്ടം തമിഴ്നാട് സംസ്ഥാന പുരസ്കാരം എന്നിവയും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.