യശ്വന്ത്പുർ- കണ്ണൂർ എക്സ്പ്രസ് സർവീസ് ആരംഭിച്ചില്ല; യാത്രക്കാർ ദുരിതത്തിൽ
text_fieldsബംഗളൂരു: കേരളത്തിലെ മലബാർ മേഖലയിലുള്ളവർ ഏറെ ആശ്രയിക്കുന്ന യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സർവീസ് വീണ്ടും തുടങ്ങുന്നത് അനിശ്ചിതമായി വൈകുന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. കർണാടകയിൽ ലോക്ക് ഡൗണിൽ രണ്ടാം ഘട്ട ഇളവ് പ്രാബല്യത്തിലായതോടെ കമ്പനികളെല്ലാം പ്രവർത്തനം ആരംഭിച്ചു കഴിഞ്ഞു. കേരളത്തിലും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ, കേരളത്തിനും കർണാടകക്കും ഇടയിൽ അന്തർ സംസ്ഥാന ബസ് സർവീസ് ആരംഭിക്കാത്തതിനാൽ യാത്രാക്ലേശം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് പോകുന്നവർക്കും കേരളത്തിലെ മലബാർ ജില്ലകളിൽനിന്ന് ബംഗളൂരുവിലേക്ക് തിരിച്ചുവരുന്നവർക്കും ഏറെ സഹായകമാകുന്ന പാലക്കാട് വഴിയുള്ള യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സർവീസ് അടിയന്തരമായി ആരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
ലോക്ക് ഡൗണിനെതുടർന്ന് നിർത്തിവെച്ച കേരളത്തിലേക്കുള്ള ട്രെയിൻ സർവീസുകളിൽ കെ.എസ്.ആര്‍ ബംഗളൂരു - എറണാകുളം മൈസൂരു - ബംഗളൂരു-കൊച്ചുവേളി സ്‌പെഷല്‍ എന്നീ ട്രെയിനുകൾ ദിവസങ്ങൾക്ക് മുമ്പ് റെയിൽവെ പുനരാരംഭിച്ചിരുന്നു. ലോക്ക് ഡൗണിനിടെ കന്യാകുമാരി എക്സ്പ്രസ് ട്രെയിനും മംഗളൂരു വഴിയുള്ള യശ്വന്ത്പുര-കണ്ണൂർ എക്സ്പ്രസും മാത്രമായിരുന്നു സർവീസ് തുടർന്നിരുന്നത്. കേരളത്തിലേക്കുള്ള മറ്റു ട്രെയിൻ സർവീസുകൾ വീണ്ടും ആരംഭിച്ചിട്ടും പാലക്കാട് വഴിയുള്ള യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ ആരംഭിക്കാത്തത് എന്തുകൊണ്ടാണെന്നാണ് യാത്രക്കാരുടെ ചോദ്യം.
ലോക്ക് ഡൗണിനുശേഷം ബംഗളൂരുവിൽനിന്നും മംഗളൂരു വഴിയുള്ള കണ്ണൂർ എക്സ്പ്രസിനെയാണ് യാത്രക്കാർ ആശ്രയിച്ചിരുന്നതെങ്കിലും ഇത് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലുള്ളവർക്ക് ഗുണം ചെയ്തിരുന്നില്ല. പാലക്കാട് വഴിയുള്ള യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിൻ സർവീസ് അടിയന്തരമായി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട്
കർണാടക കേരള ട്രാവലേഴ്സ് ഫോറം (കെ.കെ.ടി.എഫ്) ദക്ഷിണ പശ്ചിമ റെയിൽവെ ജനറൽ മാനേജർക്കും ബംഗളൂരു ഡി.ആർ.എമ്മിനും നിവേദനം നൽകി. കേരളത്തിലെ തെക്കൻ ജില്ലകളിലേക്കുള്ള ട്രെയിൻ സർവീസ് വീണ്ടും ആരംഭിച്ചത് സ്വാഗതാർഹമാണെന്നും അന്തർ സംസ്ഥാന ബസ് സർവീസ് ഉൾപ്പെടെ ആരംഭിക്കാത്ത സാഹചര്യത്തിൽ യാത്രാക്ലേശം പരിഹരിക്കാൻ യശ്വന്ത്പുർ-കണ്ണൂർ എക്സ്പ്രസ് ട്രെയിനും അടിയന്തരമായി പുനരാരംഭിക്കണമെന്ന് കെ.കെ.ടി.എഫ് കെ.കെ.ടി.എഫ് ജനറൽ കൺവീനർ ആർ. മുരളീധർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.