നീന്തൽ സർട്ടിഫിക്കറ്റ്; സ്പോർട്സ് കൗൺസിൽ നടപടി തള്ളി വിദ്യാഭ്യാസ മന്ത്രി
text_fieldsതിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള വിജ്ഞാപനം പോലും പ്രസിദ്ധീകരിക്കും മുമ്പ് വിദ്യാർഥികൾക്ക് നീന്തൽ അറിവ് സർട്ടിഫിക്കറ്റ് നൽകുന്ന ജില്ല സ്പോർട്സ് കൗൺസിലുകളുടെ നടപടി തള്ളി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്ലസ് വൺ പ്രവേശനത്തിന് ബോണസ് പോയന്‍റിനായി നീന്തൽ സർട്ടിഫിക്കറ്റ് നൽകാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് നൽകാൻ ഒരു ഏജൻസിക്കും അധികാരം നൽകിയില്ലെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ബോണസ് പോയന്‍റുകൾ സംബന്ധിച്ച് ഇതുവരെ തീരുമാനം കൈക്കൊണ്ടിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്ത അവാസ്തവമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ബോണസ് പോയന്‍റിനുള്ള സർട്ടിഫിക്കറ്റിനായി നീന്തൽ പരിശീലിക്കുന്നതിനിടെ കണ്ണൂരിൽ 16കാരനും പിതാവും മുങ്ങിമരിച്ച സംഭവം ദൗർഭാഗ്യകരമാണ്. അവാസ്തവ പ്രചാരണങ്ങളിൽ വിദ്യാർഥികളും രക്ഷാകർത്താക്കളും വഞ്ചിതരാകരുതെന്നും മന്ത്രി പറഞ്ഞു.
എന്നാൽ, സംസ്ഥാന കായിക വകുപ്പ് കഴിഞ്ഞ ഏപ്രിൽ 27ന് പുറപ്പെടുവിച്ച ഉത്തരവും ജൂൺ 22ന് സംസ്ഥാന സ്പോർട്സ് കൗൺസിൽ അയച്ച കത്തും പരിഗണിച്ചാണ് ജില്ല സ്പോർട്സ് കൗൺസിലുകൾ നീന്തൽ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് പ്രാവീണ്യം പരിശോധിക്കാൻ തീരുമാനിച്ചത്.
വിവിധ ജില്ലകളിൽ ഇതിനായി നീന്തൽക്കുളങ്ങളിൽ പരിശോധനയും സംഘടിപ്പിച്ചിരുന്നു. നീന്തലിന് ഈ വർഷം മുതൽ ബോണസ് പോയന്‍റ് വേണ്ടെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ശിപാർശ മന്ത്രിതലയോഗം തത്ത്വത്തിൽ അംഗീകരിക്കുകയും സർക്കാർ അനുമതിക്കായി സമർപ്പിച്ചിരിക്കുകയുമാണ്.
സംസ്ഥാനത്തൊട്ടാകെ സ്പോർട്സ് കൗൺസിലുകൾ നീന്തൽ പ്രാവീണ്യപരിശോധന നടത്തിയിട്ടും വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടിരുന്നില്ല. കണ്ണൂരിൽ വിദ്യാർഥിയും പിതാവും മരിച്ചതോടെയാണ് വിദ്യാഭ്യാസ വകുപ്പ് പ്രതികരണത്തിന് തയാറായത്. നീന്തൽ പ്രാവീണ്യപരിശോധന നടത്തേണ്ടതില്ലെന്ന് കായിക വകുപ്പിനോ സ്പോർട്സ് കൗൺസിലുകൾക്കോ നിർദേശം നൽകാൻ വിദ്യാഭ്യാസ വകുപ്പ് ഇതുവരെ തയാറായിരുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.