കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമെന്ന് യോഗി ആദിത്യനാഥ്
text_fieldsകണ്ണൂര്‍: കേരളത്തിൽ ലവ് ജിഹാദ് യാഥാർഥ്യമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത് അപകടകരമായ ഒരു പ്രവണതയാണ്. ലൗജിഹാദ് വിഷയത്തിൽ സുപ്രീംകോടതി നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചതാണ്. എൻ.ഐ.എ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. കേരളത്തിൽ ബി.ജെ.പിക്കും ആർ.എസ്.എസിനും കേരള സർക്കാർ പ്രവർത്തന സ്വാതന്ത്ര്യം അനുവദിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കമ്മ്യൂണിസ്റ്റുകാർ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം. ജനാധിപത്യത്തിൽ കൊലപാതങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ കേരളത്തിൽ ഇത്തരം കൊലപാതകങ്ങൾ ആവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും കമ്മ്യൂണിസ്റ്റ് സർക്കാറിന്‍റെ കണ്ണ് തുറപ്പിക്കാനാണ് തങ്ങൾ എത്തിയിരിക്കുന്നതെന്നും യോഗി പറഞ്ഞു.
രാവിലെ 11.20ഓടെയാണ് കണ്ണൂരിലെ കീച്ചേരിയിൽ നിന്നും ജനരക്ഷാ യാത്രയുടെ ഇന്നത്തെ പര്യടനം ആരംഭിച്ചത്. വൈകിട്ട് കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ അവസാനിക്കുന്ന യാത്രയിൽ ഉടനീളം യോഗി ആദിത്യനാഥിന്‍റെ സാന്നിധ്യമുണ്ടാകും. കണ്ണൂര്‍ സ്‌റ്റേഡിയം കോര്‍ണറില്‍ സമാപന യോഗത്തിൽ യോഗി ആദിത്യനാഥ് പ്രസംഗിക്കും. കേന്ദ്ര ധനകാര്യസഹമന്ത്രി ശിവപ്രസാദ് ശുക്ലയും ചടങ്ങില്‍ പങ്കെടുക്കും.
യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വരവിനെ തുടര്‍ന്ന് കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. ഇന്നലെ പയ്യന്നൂരിൽ നിന്നും ആരംഭിച്ച യാത്ര ഇന്നും കണ്ണൂര്‍ ജില്ലയിലാണ്.
പയ്യന്നൂരില്‍ ഇന്നലെ ഉച്ചക്ക് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ യാത്രാനായകന്‍ കുമ്മനം രാജശേഖരന് പതാക കൈമാറിയാണ് യാത്ര ഉദ്ഘാടനം ചെയ്തത്. ‘എല്ലാവര്‍ക്കും ജീവിക്കണം, ജിഹാദിചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്ന മുദ്രവാക്യമുയര്‍ത്തിയാണ് യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.