യു.പിയിൽ ബി.ജെ.പി അധികാരത്തിൽ വന്നാലും യോഗി ആദിത്യനാഥ് തിരിച്ചുവരില്ല -ഡോ. കഫീൽ ഖാൻ
text_fieldsകോഴിക്കോട്: യു.പിയിൽ ബി.ജെ.പി അധികാരത്തിൽ വന്നാലും യോഗി ആദിത്യനാഥ് തിരിച്ചുവരില്ലെന്ന് ഡോ. കഫീൽ ഖാൻ. യോഗി തന്നെ സുരക്ഷിതമായ സീറ്റ് തേടുന്ന അവസ്ഥയാണ് യു.പിയിലെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബിൽ 'ഖൊരക്പൂർ ഹോസ്പിറ്റൽ ട്രാജഡി' എന്ന പുസ്തകത്തിന്റെ കേരളതല പ്രകാശനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ പുസ്തകം തന്റെ മാത്രം കഥയല്ലെന്നും ഖൊരക്പൂർ ആശുപത്രിയിൽ ഓക്സിജൻ ലഭിക്കാതെ മരിച്ച കുഞ്ഞുങ്ങളുടെ കുടുംബത്തിന്റെ അവസ്ഥയും ഇന്ത്യയിലെ പൊതുജനാരോഗ്യമേഖലയുടെ ദൈന്യതയെയും തുറന്നു കാട്ടുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിൽ ജയിലും പണമുള്ളവർക്കുള്ളതാണ്. പണമുള്ളവർക്ക് ഏല്ലാ സൗകര്യങ്ങളും ലഭിക്കുന്നതായി തന്റെ ജയിൽ ജീവിതത്തിൽ വ്യക്തമായി. അവിടെ അനുഭവിക്കേണ്ടി വന്ന പീഡനം പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. 72 മണിക്കൂർ കുടിവെള്ളം തരാതെ പീഡിപ്പിച്ചു. ഭക്ഷണം തരാതെ മണിക്കൂറുകളോളം കഴിയേണ്ടി വന്നു. ഭക്ഷണം തരാൻ ഒരു വ്യവസ്ഥയാണ് ജയിലധികൃതർ മുന്നോട്ടുവെച്ചത്. ഖൊരക്പൂർ ആശുപത്രി ദുരന്തത്തെകുറിച്ച് മിണ്ടരുത്, എൻ.ആർ.സിയെകുറിച്ച് മിണ്ടരുത്.
ഹൈകോടതിയും സുപ്രീംകോടതിയും താൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തി. ഇപ്പോഴും തന്നെ ജോലിയിൽ തിരിച്ചെടുത്തിട്ടില്ല. 'ഡോ. കഫീൽഖാൻ മിഷൻ സ്മൈൽ ഫൗണ്ടേഷൻ' സ്ഥാപിച്ച് ആരോഗ്യമേഖലയിൽ സാമൂഹികസേവനം നടത്തുകയാണിപ്പോൾ. ഇന്ത്യയിൽ ജി.ഡി.പിയുടെ ഒരു ശതമാനമേ പൊതുജനാരോഗ്യത്തിനായി ചെലവഴിക്കുന്നുള്ളൂ. കോവിഡ് കാലത്തുപോലും 1.5 ശതമാനമേ ആരോഗ്യമേഖലക്കായി ചെലവഴിക്കുന്നുള്ളൂ.
80 ശതമാനം ഡോക്ടർമാരും സ്വകാര്യമേഖലയിലാണ് പ്രവർത്തിക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ടി.ബി രോഗം മൂലം ഇപ്പോഴും ആളുകൾ മരിക്കുന്നു. ഡോക്ടർമാരുടെ സേവനം 74 ശതമാനവും നഗരങ്ങൾ കേന്ദ്രീകരിച്ചാണ്. 3000 പേർക്ക് ഒരു ഡോക്ടർ എന്ന അനുപാതത്തിലാണ് ഉത്തർപ്രദേശിൽ ഡോക്ടർമാരുള്ളത്. ഗ്രാമങ്ങളിലെ കണക്ക് 51,000 പേർക്ക് ഒരു ഡോക്ടർ എന്നതാണ്.
പൊതുജനാരോഗ്യമേഖലക്ക് കൂടുതൽ സൗകര്യമേർപെടുത്തണമെന്നാണ് ഇന്ത്യയിലെ ഡോക്ടർമാർ ഒന്നടങ്കം ആവശ്യപ്പെടുന്നതെന്നും കഫീൽ ഖാൻ പറഞ്ഞു. പുസ്തകം മലയാളത്തിലുൾപ്പെടെ മറ്റു ഭാഷകളിലും വൈകാതെ പുറത്തിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
ഒരു പൗരന് നൽകേണ്ട സാമാന്യനീതി ഡോ. കഫീൽഖാന് യു.പി സർക്കാർ നൽകിയില്ലെന്ന് ചടങ്ങിൽ സംസാരിച്ച എം.കെ. രാഘവൻ എം.പി പറഞ്ഞു. ഹൃദയംകൊണ്ടെഴുതിയ പുസ്തകമാണിതെന്ന് ഡോ.എം.കെ. മുനീർ അഭിപ്രായപ്പെട്ടു. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാനപ്രസിഡന്റ് നഹാസ് മാള ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.