നിങ്ങളാണ് യഥാർഥ ഹീറോസ്...’ ബ്രഹ്മപുരത്തെ താരങ്ങൾക്ക് ആദരം
text_fieldsകൊച്ചി: ബ്രഹ്മപുരത്ത് തീയും പുകയും വകവെക്കാതെ പൊരുതിയ അഗ്നിരക്ഷാസേന അംഗങ്ങൾക്കും സിവിൽ ഡിഫൻസ് വളന്‍റിയർമാർക്കും കൊച്ചിയുടെ ആദരം. ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ്, റീജനൽ സ്പോർട്സ് സെന്‍റർ എന്നിവയുടെ ആഭിമുഖ്യത്തിൽ കടവന്ത്രയിൽ നടത്തിയ പരിപാടി അർഹതക്കുള്ള അംഗീകാരമായി.
തീപിടിത്തം ശമിപ്പിക്കാനുള്ള കഠിന പരിശ്രമത്തിന്‍റെ നേർച്ചിത്രം ചൂണ്ടിക്കാട്ടുന്ന വിഡിയോ പ്രദർശനം അവസാനിച്ചതോടെ, സദസ്സിലിരുന്ന മുഖ്യാതിഥി ഹൈകോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ എഴുന്നേറ്റ് ഉദ്യോഗസ്ഥർക്ക് നേരെ തിരിഞ്ഞുനിന്ന് കൈയടിച്ചു. അഗ്നിരക്ഷാസേന മേധാവിയും ജില്ല കലക്ടറും സിറ്റി പൊലീസ് കമീഷണറും പൊതുജനങ്ങളുമടക്കമുള്ളവർ അദ്ദേഹത്തിനൊപ്പം ചേർന്നപ്പോൾ സദസ്സിൽനിന്ന് ഹർഷാരവമുയർന്നു. തുടർന്ന് അതിഥികൾ വേദിയിലേക്ക്. ശേഷം സദസ്സിനിടയിലേക്ക് കടന്നുവന്ന വിദ്യാർഥികൾ നന്ദിയോടെ ഉദ്യോഗസ്ഥർക്കും വളന്‍റിയേഴ്സിനും പൂച്ചെണ്ട് സമർപ്പിച്ചു. ‘പ്രിയപ്പെട്ടവരെ... നിങ്ങളാണ് ഞങ്ങളുടെ യഥാർഥ ഹീറോസ്’ ചിൽഡ്രൻ ഓഫ് കൊച്ചി സംഘത്തിലെ കുട്ടികളുടെ വാക്കുകളിൽ നിറയെ ആദരവും സ്നേഹവുമായിരുന്നു.
നിങ്ങൾ കാരണമാണ് ഞങ്ങൾ ഇന്ന് ജീവനോടെ ഇരിക്കുന്നതെന്ന് ജസ്റ്റിസ് ദേവൻ രാചമന്ദ്രൻ അഗ്നിരക്ഷ ഉദ്യോഗസ്ഥരോടും വളന്‍റിയർമാരോടുമായി പറഞ്ഞു. ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ് പ്രസിഡന്‍റ് എസ്. ഗോപകുമാർ അധ്യക്ഷത വഹിച്ചു. അഗ്നിരക്ഷാസേന മേധാവി ബി. സന്ധ്യ, ജില്ല കലക്ടർ എൻ.എസ്.കെ. ഉമേഷ്, കൊച്ചി സിറ്റി പൊലീസ് കമീഷണർ കെ. സേതുരാമൻ, റീജനൽ ഫയർ ഓഫിസർ സുജിത് കുമാർ, എഡ്രാക് പ്രസിഡന്‍റ് രംഗദാസ പ്രഭു എന്നിവർ സംസാരിച്ചു. റീജനൽ സ്പോർട്സ് സെന്‍റർ സെക്രട്ടറി എസ്.എ.എസ്. നവാസ് സ്വാഗതവും ബെറ്റർ കൊച്ചി റെസ്പോൺസ് ഗ്രൂപ് സെക്രട്ടറി ഷേർളി ചാക്കോ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.