'നിങ്ങൾ എല്ലാരും കൂടെയാണ് കൊന്നത്. ഇനി അടക്കാനും പറ്റൂല്ലെന്നോ?' -അച്ഛന്‍റെ കുഴിമാടം വെട്ടുന്ന മകന്‍റെ ചോദ്യം കേരളത്തെ പൊള്ളിക്കുന്നു
text_fields'നിങ്ങൾ എല്ലാരും കൂടെയാണ് കൊന്നത്. ഇനി അടക്കാനും പറ്റൂല്ലെന്നോ?'- കേരള മനഃസാക്ഷിയെ പൊള്ളിക്കുകയാണ് ഈ കൗമാരക്കാന്‍റെ വാക്കുകൾ. സ്വന്തം അച്ഛന്‍റെ കുഴിമാടം വെട്ടുേമ്പാൾ ഈ ചോദ്യം ചോദിക്കുന്നത് കിടപ്പാടം നഷ്ടപ്പെടുന്നത് ഉൾക്കൊള്ളാനാകാതെ മരണത്തിന്‍റെ വഴിയിലേക്ക് നിങ്ങേണ്ടി വന്ന നെയ്യാറ്റിൻകരയിലെ രാജന്‍റെയും അമ്പിളിയുടെയും മകനാണ്. രാജന്‍റെ മൃതദേഹം അടക്കം ചെയ്യുന്നതിനായി അതേ ഭൂമിയിൽ കുഴിയെടുക്കുന്ന മകന്‍റെ വിഡിയോ ആണ് നൊമ്പരക്കാഴ്ചയാകുന്നത്. പൊലീസുകാർ ഇത് തടയാൻ ശ്രമിക്കുേമ്പാൾ ആ കൗമാരക്കാരൻ പറയുന്നതും വേദനയാകുന്നു. ഈ സംഭവത്തിനുശേഷമാണ് രാജന്‍റെ ഭാര്യ അമ്പിളിയും പൊള്ളലേറ്റതിനെത്തുടർന്നു മരിക്കുന്നത്. ഇതോടെ രാജന്‍റെ രണ്ട് ആൺമക്കളും അനാഥരായി.
കുഴിമാടം വെട്ടുന്നത് തടയാനെത്തിയ പൊലീസുകാരോട് 'സാറേ, ഇനിയെന്‍റെ അമ്മയും കൂടിയേ മരിക്കാനുള്ളൂ സാറേ, നിങ്ങളെല്ലാരും കൂടെയാണ് കൊന്നത് എന്‍റെ അച്ഛനെയും അമ്മയേയും. ഇനി അടക്കാനും പറ്റൂല്ലെന്നോ?' എന്നൊക്കെ മകൻ ചോദിക്കുന്നതാണ് വിഡിയോയിലുള്ളത്. 'അച്ഛനും അമ്മയും ഇല്ലാത്ത കുട്ടിയാണ് അച്ഛനെ അടക്കാൻ കുഴിയെടുക്കുന്നത്. അതിനുപോലും സമ്മതിക്കില്ലേ', 'രണ്ടും കൈയും കൂപ്പി പറയുകയാണ്, ഉപദ്രവിക്കരുത്' എന്നൊക്കെ ചുറ്റും കൂടി നിൽക്കുന്നവർ പറയുന്നതും കേൾക്കാം.
വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥർക്കും പൊലീസിനും മുന്നിലാണ് രാജൻ ആത്മഹത്യാശ്രമം നടത്തിയത്. പെട്രോൾ ശരീരത്തിലൂടെ ഒഴിച്ച രാജൻ ലൈറ്റർ കത്തിക്കാന്‍ ഓങ്ങിയതിനിടെ, ലൈറ്റർ തട്ടിയിടാൻ പൊലീസ് ശ്രമിക്കുേമ്പാൾ തീ പടർന്ന് പിടിക്കുകയായിരുന്നു. വയറിന്‍റെ ഭാഗത്ത് ഗുരുതര പൊള്ളലേറ്റ രാജൻ തിങ്കളാഴ്ച രാവിലെയും ഭാര്യ അമ്പിളി വൈകുന്നേരത്തോടെയുമാണു മരിച്ചത്. അച്ഛന്‍റെ മൃതദേഹം തങ്ങളുടെ മണ്ണിൽത്തന്നെ അടക്കം ചെയ്യണമെന്ന് മക്കൾ ആവശ്യപ്പെടുന്നതും അമ്മയും കൂടി പോയാൽ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്ന് മക്കൾ പറയുന്നതുമെല്ലാം കരളലിയിക്കുന്ന സംഭവമായിരുന്നു.
ഇക്കഴിഞ്ഞ 22–ാം തീയതിയാണ് ആത്മഹത്യാശ്രമം ഉണ്ടായത്. താൻ തീ കൊളുത്തിയില്ലെന്നും മരിക്കാൻ ശ്രമിച്ചിട്ടില്ലെന്നും അടുത്തുണ്ടായിരുന്ന പൊലീസുകാരൻ ലൈറ്റർ കൈ കൊണ്ട് തട്ടിമാറ്റുന്നതിനിടെയാണ് അപകടം ഉണ്ടായതെന്നും രാജൻ ആശുപത്രിയിൽ വച്ച് മൊഴി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.