വിജയ് ബാബുവിനെതിരെ യുവനടിയും സുപ്രീംകോടതിയിൽ; നിയമത്തെ വെല്ലുവിളിക്കുന്നുവെന്ന് പരാതി
text_fieldsകൊച്ചി: ബലാത്സംഗ കേസിൽ നടനും നിർമാതാവുമായ വിജയ് ബാബുവിനെതിരെ യുവനടി സുപ്രീംകോടതിയെ സമീപിച്ചു. വിജയ് ബാബുവിന്‍റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചത്. നിയമത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വിജയ് ബാബുവിന്‍റേതെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
പീഡന കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയ ഹൈകോടതി സിംഗ്ൾബെഞ്ചിന്‍റെ വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഏപ്രിൽ 17ന് യുവ നടി നൽകിയ പീഡന പരാതിയിൽ പൊലീസ് കേസെടുത്ത വിവരം അറിഞ്ഞ വിജയ് ബാബു ദുബൈയിലേക്കു പോയെന്ന് സർക്കാർ ഹരജിയിൽ ബോധിപ്പിച്ചു. തന്നെ കണ്ടെത്താൻ നോട്ടീസ് ഇറക്കിയതറിഞ്ഞ് വിജയ് ബാബു ജോർജിയയിലേക്ക് മാറി. ഇന്ത്യയുമായി പ്രതികളെ കൈമാറാൻ കരാർ ഒപ്പിട്ടിട്ടില്ലാത്ത രാജ്യമായതിനാലാണ് ജോർജിയയിലേക്ക് കടന്നത്. പിന്നീട് വിജയ് ബാബുവിന്‍റെ പാസ്‌പോർട്ട് റദ്ദാക്കി.
ദുബൈയിൽ നിന്നാണ് വിജയ് ബാബു മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. വിദേശത്തുള്ള പ്രതികൾക്ക് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ലെന്നു ഹൈകോടതി തന്നെ നേരത്തെ ചില വിധികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതു നിലനിൽക്കെ വിജയ് ബാബുവിന് മുൻകൂർ ജാമ്യം അനുവദിച്ചത് നിയമപരമല്ലെന്നാണ് അപ്പീലിൽ സർക്കാർ വാദിച്ചത്. ഈ കേസിൽ പീഡനത്തിനിരയായ യുവനടിയെയും ഹരജിയിൽ കക്ഷി ചേർത്തിട്ടുണ്ട്.
പ്രതി പീഡിപ്പിച്ചെന്നും ശാരീരികമായി ആക്രമിച്ചു പരിക്കേൽപിച്ചെന്നുമാണ് നടിയുടെ പരാതി. എന്നാൽ, വിജയ് ബാബു വിവാഹിതനാണെന്ന് നടിക്ക് അറിയാമായിരുന്നെന്നും അതു നിലനിൽക്കെ മറ്റൊരു വിവാഹത്തിന് സാധുത ഇല്ലെന്നും മുൻകൂർ ജാമ്യം അനുവദിച്ചുള്ള വിധിയിൽ ഹൈകോടതി വ്യക്തമാക്കിയിരുന്നു. പീഡനക്കേസിൽ ഇത്തരമൊരു നിഗമനത്തിന് ഒരു പ്രാധാന്യവുമില്ലെന്നും പീഡനം നടന്നെന്നു പറയുന്ന കാലയളവിൽ നടി തടവിലായിരുന്നില്ലെന്നും വിധിയിലുണ്ട്. എന്നാൽ, ഇര തടവിലാണെങ്കിലേ ലൈംഗികാതിക്രമം സാദ്ധ്യമാകൂ എന്ന ഹൈകോടതിയുടെ നിഗമനം അപ്പീൽ ചോദ്യം ചെയ്തു. പ്രസക്തമല്ലാത്ത വിലയിരുത്തലുകളിലൂടെയാണ് വിജയ് ബാബുവിന് മുൻകൂർ ജാമ്യം നൽകിയതെന്ന് അപ്പീൽ കുറ്റപ്പെടുത്തി.
പുതുമുഖനടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ വിജയ് ബാബുവിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തിൽ വിട്ടിരുന്നു. ഇരയുടെ പേരു വെളിപ്പെടുത്തി എന്ന മറ്റൊരു കേസിലും ഹൈകോടതി ജാമ്യം അനുവദിച്ചിരുന്നു. ജൂലൈ മൂന്നുവരെ രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാനാണ് കോടതി അനുമതിയുള്ളത്. പീഡനം നടന്നതായി ആരോപണമുള്ള പനമ്പിള്ളിനഗറിലെ അപ്പാർട്മെന്റിലും ഹോട്ടൽമുറി ഉൾപ്പെടെ സ്ഥലങ്ങളിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
സിനിമയിൽ അവസരം നൽകാമെന്നു പറഞ്ഞ് പ്രലോഭിപ്പിച്ച് വിജയ്ബാബു പീഡിപ്പിച്ചെന്ന് ഏപ്രിൽ 22ന് യുവതി തേവര പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.