പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ ലഹരി ഇടപാട്: യുവാവ് അറസ്റ്റിൽ
text_fieldsകൊടുങ്ങല്ലൂർ (തൃശൂർ): പേർഷ്യൻ പൂച്ച വിൽപ്പനയുടെ മറവിൽ ന്യൂജൻ ലഹരികളായ സിന്തറ്റിക്ക്, കെമിക്കൽ മയക്കുമരുന്ന് ഇടപാട് നടത്തിവന്ന യുവാവ് സംയുക്ത എക്സൈസ് സംഘത്തിന്‍റെ വലയിലായി. യുവാക്കൾക്കിടയിൽ ന്യൂജൻ ലഹരി എന്ന പേരിൽ അറിയപ്പെടുന്ന എം.ഡി.എം.എ, എൽ.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് എന്നിവയുമായി മാള പൂപ്പത്തി സ്വദേശി എരിമേൽ വീട്ടിൽ അക്ഷയ് (24) ആണ് പിടിയിലായത്.
എക്സൈസ് ഇന്‍റലിജൻസ്, കൊടുങ്ങല്ലൂർ സർക്കിൾ ഇൻസ്പെക്ടർ, കൊടുങ്ങല്ലൂർ റേഞ്ച് ഇൻസ്പെക്ടറും പാർട്ടിയും സംയുക്തമായാണ് അറസ്റ്റ് നടത്തിയത്. അഡിക്ഷൻ മെൻസ്വെയർ എന്ന പേരിൽ റെഡിമെയ്ഡ് ഡ്രസ്സ് മേഖലയിൽ പ്രവർത്തിച്ച പ്രതി നിലവിൽ പേർഷ്യൻ പൂച്ചകളുടെ വിൽപ്പനയുടെ മറവിൽ ബംഗളൂരുവിൽനിന്നും മയക്കുമരുന്ന് കൊടുങ്ങല്ലൂർ, മാള മേഖലയിൽ എത്തിക്കുന്ന ശൃംഖലയിലെ പ്രധാന കണ്ണിയാണ്.
ആവശ്യക്കാർക്ക് എല്ലാ തരത്തിലുള്ള കെമിക്കൽ, സിന്തറ്റിക്ക് ലഹരി വസ്തുക്കളും എത്തിച്ചുകൊടുക്കുന്ന വിൽപ്പന സജീവമാണ്. ഡി.ജെ പാർട്ടികൾക്കും ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കും വേണ്ട സ്റ്റോക്ക് എത്തിച്ചുവരവെ ആണ് പ്രതി പിടിയിലായതെന്ന് എക്സൈസ് സി.ഐ പി.എൽ. ബിനുകുമാർ പറഞ്ഞു.
നാർക്കോട്ടിക് കേസുകളിൽ പരമാവധി ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള കോമേഴ്‌ഷ്യൽ അളവിലാണ് മയക്കുമരുന്നുകൾ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
എക്സൈസ് സി.ഐ പി.എൽ. ബിനുകുമാർ, ഇൻറലിജൻസ് ഇൻസ്പെക്ടർ എസ്. മനോജ്കുമാർ, റേഞ്ച് ഇൻസ്പെക്ടർ ഷംനാദ്, ഇന്‍റലിജൻസ് ഉദ്യോഗസ്ഥരായ കെ.എസ്. ഷിബു, ഒ.എസ്. സതീഷ്, ടി.ജി. മോഹനൻ, പി.ആർ. സുനിൽ കുമാർ, കെ.ജെ. ലോനപ്പൻ, പ്രിവന്‍റീവ് ഓഫിസർമാരായ പി.വി. ബെന്നി, നെൽസൺ, എക്‌സൈസ് ഓഫിസർമാരായ രാജേഷ്, സജികുമാർ, അബ്ദുൽ നിയാസ്, പ്രിൻസ്, റിഹാസ്, ഷിബു, ചിഞ്ചു എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.