പെൺകുട്ടികളെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി തട്ടിപ്പ് നടത്തുകയും ചെയ്ത യുവാവ് പിടിയിൽ
text_fieldsവർക്കല (തിരുവനന്തപുരം): നിരവധി പെൺകുട്ടികളെ വശീകരിച്ച് പീഡിപ്പിക്കുകയും ശേഷം പണവും സ്വർണാഭരണങ്ങളും കവരുകയും ചെയ്ത യുവാവ് പിടിയിലായി. വെട്ടൂർ താഴെവെട്ടൂർ ജങ്ഷന് സമീപം പുളിയറ വീട്ടിൽനിന്ന് ചെമ്മരുതി തോക്കാട് പ്രാലേയഗിരി ദാറുൽ ഇശ്ഖിൽ താമസിക്കുന്ന ഫൈസി എന്നുവിളിക്കുന്ന മുഹമ്മദ് ഫൈസി(22)യാണ് പൊലീസ് പിടിയിലായത്.
സാമൂഹിക മാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയും പിന്നീട് അവരെ വശീകരിച്ച് പീഡനത്തിനിരയാക്കുന്നതും ഇയാളുടെ പതിവായിരുന്നു. നഗ്നചിത്രങ്ങളും വിഡിയോയും മൊബൈലിൽ പകർത്തിയ ശേഷം ഇവ കാണിച്ച് പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണവും സ്വർണാഭരണങ്ങളും തട്ടിയെടുത്തുകൊണ്ടിരുന്നത്.
വർക്കല സ്വദേശിയായ പെൺകുട്ടിയുടെ പരാതിയെ തുടർന്ന് വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടെൻറ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇൻസ്റ്റഗ്രം വഴിയാണ് ഈ പെൺകുട്ടിയുമായി ഇയാൾ സൗഹൃദം സ്ഥാപിച്ചത്. തുടർന്നാണ് വശീകരിച്ച് പീഡിപ്പിക്കുകയും പലപ്പോഴായി അമ്പതിനായിരം രൂപ പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന് കൈവശപ്പെടുത്തുകയും ചെയ്തു.
പെൺകുട്ടി ധരിച്ചിരുന്ന മാലയും കമ്മലും കൂടി കൈവശപ്പെടുത്തുകയും ചെയ്തിരുന്നു. നിരവധി പെൺകുട്ടികളെ ഇയാൾ സോഷ്യൽ മീഡിയ വഴി വശീകരിച്ച് പീഡിപ്പിക്കുകയും പണവും സ്വർണാഭരണങ്ങളും ഭീഷണിയിലൂടെ കൈവശപ്പെടുത്തിയതായും പൊലീസ് പറഞ്ഞു. ഇതുപയോഗിച്ച് ഇയാൾ ആഡംബര ജീവിതം നയിച്ചുവരികയുമായിരുന്നു. യുവാവിനെ വർക്കല കോടതി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.