തോക്ക് വാങ്ങുന്നതിൽ തർക്കം: ഭിന്നശേഷിക്കാരനായ യുവാവിനെ തല്ലിക്കൊന്നു, ആറ് പേർ അറസ്റ്റിൽ
text_fieldsഅഗളി: അട്ടപ്പാടി നരസിമുക്കിൽ ഭിന്നശേഷിക്കാരനായ യുവാവിനെ തല്ലിക്കൊല്ലുകയും കൂട്ടുകാരനെ മർദിച്ച് അവശനാക്കുകയും ചെയ്ത സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. കൊടുങ്ങല്ലൂർ സ്വദേശി നന്ദ കിഷോറാണ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിനായകനെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു . ചെർപ്പുളശ്ശേരി സ്വദേശി നാഫി (ഹസ്സൻ - 24), മാരി (കാളിമുത്തു - 23), രാജീവ് ഭൂതിവഴി (രംഗനാഥൻ - 22), വിപിൻ പ്രസാദ് (സുരേഷ് ബാബു), അഷറഫ്, സുനിൽ എന്നിവരെയാണ് അഗളി പൊലീസ് അറസ്റ്റ് ചെയ്തത്.
അഞ്ച് ആളുകൾകൂടി പൊലീസ് കസ്റ്റഡിയിൽ ഉണ്ടെന്നാണ് സൂചന. തോക്കുവാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണം. വെള്ളിയാഴ്ച പുലർച്ചെയാണ് കൊടുങ്ങല്ലൂർ സ്വദേശി നന്ദകിഷോറിനെ ഒരു കൂട്ടം ആളുകൾ ചേർന്ന് അടിച്ച് കൊന്നത്. തോക്ക് വാങ്ങി നൽകാമെന്ന് പറഞ്ഞ് അട്ടപ്പാടി സ്വദേശികളായ യുവാക്കളിൽ നിന്ന് നന്ദകിഷോറും വിനായകനും ഒരു ലക്ഷം രൂപ വാങ്ങിയിരുന്നു. എന്നാൽ തോക്ക് നൽകാത്തതിനെ തുടർന്ന് ഇരുവരെയും നരസിമുക്കിലേക്ക് വിളിച്ച് വരുത്തി മർദിക്കുകയായിരുന്നു.
മർദനത്തിനിടെ ആണ് 22 കാരനായ നന്ദകിഷോർ കൊല്ലപ്പെട്ടത്. യുവാവിന് ഒരുകണ്ണും ഒരുചെവിയുമില്ല. ഒപ്പമുണ്ടായിരുന്ന കണ്ണൂർ സ്വദേശി വിനായകന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട് . ദിവസങ്ങൾക്ക് മുമ്പ് ഇരുവരെയും സംഘം പിടികൂടി മർദിക്കാൻ തുടങ്ങിയിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. വിനായകന്‍റെ ശരീരം മുഴുവൻ അടിയേറ്റ പാടുകളുണ്ട്.
അഗളി പഞ്ചായത്തിലെ ബി.ജെ.പി അംഗം മിനിയുടെ മകനാണ് വിപിൻ പ്രസാദ്. പാലക്കാട് എസ്.പി ആർ. വിശ്വനാഥ് കൊലപാതകം നടന്ന സ്ഥലം സന്ദർശിച്ചു. പ്രതികളെ തെളിവെടുപ്പിനെത്തിച്ചു. മർദനത്തിന് ഉപയോഗിച്ച ആയുധങ്ങളും കണ്ടെടുത്തു. തൃശൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യുന്ന മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പിൽ സംസ്കരിക്കും. നിർമാണത്തൊഴിലാളിയായ എസ്.എൻ പുരം അഞ്ചങ്ങാടി താണിയൻ ബസാർ പീടികപറമ്പിൽ ബാബുവിന്‍റെയും ഷെൽവിയുടെയും മകനാണ്. സഹോദരി: നന്ദന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.