ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദനമേറ്റ് യുവാവ് മരിച്ച കേസ്: പൊലീസുകാരൻ റിമാൻഡിൽ
text_fieldsപാലക്കാട്: നഗരത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് മർദനമേറ്റ് യുവാവ് മരിച്ച കേസിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ റിമാൻഡ് ചെയ്തു. അരീക്കോട് ഇന്ത്യൻ റിസർവ് ബറ്റാലിയനിലെ സി.പി.ഒ നരികുത്തി സ്വദേശി റഫീഖിനെയാണ് (35) വ്യാഴാഴ്ച റിമാൻഡ് ചെയ്തത്. യുവാവിനെ ബാറ്റുകൊണ്ട് മർദിച്ച റഫീഖിന്റെ സഹോദരൻ ഫിറോസിനെ ബുധനാഴ്ച റിമാൻഡ് ചെയ്തിരുന്നു.
ചൊവ്വാഴ്ചയാണ് പുതുപ്പള്ളിത്തെരുവ് മലിക്കയിൽ അനസിന് (31) വിക്ടോറിയ കോളജിന് സമീപം മർദനമേറ്റത്. ഓട്ടോ തട്ടിയുള്ള അപകടമെന്ന് അറിയിച്ച് ഫിറോസ് അനസിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രിയോടെ അനസ് മരിച്ചു. ശരീരത്തിൽ പാടുകൾ കണ്ടതോടെ ടൗൺ നോർത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ മരണകാരണം അപകടമല്ലെന്ന് കണ്ടെത്തി. ഫിറോസിനെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഫിറോസും സഹോദരൻ റഫീഖും ഒരുമിച്ച് ബൈക്കിലെത്തുന്നതും ഫിറോസ് അനസിനെ മർദിക്കുന്നതും വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ കണ്ടെത്തിയിരുന്നു.
സമീപത്തെ കോളജ് ഹോസ്റ്റലിലെ യുവതികളോട് അനസ് അപമര്യാദയായി പെരുമാറിയത് ചോദ്യംചെയ്തപ്പോൾ അസഭ്യം പറഞ്ഞതിലുള്ള പ്രതികാരമാണ് മർദനത്തിലേക്ക് നയിച്ചതെന്നും ഉടൻ ആശുപത്രിയിലെത്തിച്ചെന്നുമാണ് ഫിറോസ് പൊലീസിന് നൽകിയ മൊഴി. സംഭവസമയം ഫിറോസിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന റഫീഖിനെ ചോദ്യംചെയ്ത ശേഷം ബുധനാഴ്ച രാത്രി വൈകിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.