ഹാർബർ പാലത്തിന്‍റെ ടവറിൽ കയറി യുവാവിന്‍റെ ആത്മഹത്യഭീഷണി
text_fieldsതോപ്പുംപടി: ഹാർബർ പാലത്തിന്‍റെ മധ്യഭാഗത്തെ ഉയരം കൂടിയ ടവറിൽ കയറി യുവാവിന്‍റെ ആത്മഹത്യഭീഷണി. മട്ടാഞ്ചേരി മരക്കടവ് സ്വദേശി കമാലാണ് (27) വ്യാഴാഴ്ച രാവിലെ ടവറിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയത്.മഹാരാജാസ് കോളജിൽ കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തെ തുടർന്ന് കസ്റ്റഡിയിലെടുത്ത സഹോദരൻ മാലിക്കിനെ കാണാൻ അനുവദിക്കണമെന്നും വിട്ടയക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യുവാവിന്റെ പരാക്രമം. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി.
തോപ്പുംപടി സബ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ പി. ചാക്കോയുടെ നേതൃത്വത്തിലുള്ള സംഘവും മട്ടാഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽനിന്ന് സ്റ്റേഷൻ ഓഫിസർ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘവും നാട്ടുകാരും ഏറെനേരം ശ്രമിച്ചെങ്കിലും യുവാവ് താഴെ ഇറങ്ങിയില്ല. ഡെപ്യൂട്ടി കമീഷണർ എസ്. ശശിധരനും അസി. കമീഷ്ണർമാരായ അരുൺ കെ. പവിത്രൻ, പി. രാജ്കുമാർ എന്നിവരെത്തി അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു.
ഇയാൾക്കെതിരെ ആത്മഹത്യശ്രമത്തിന് കേസെടുത്തതായി തോപ്പുംപടി എസ്.ഐ സെബാസ്റ്റ്യൻ പി. ചാക്കോ പറഞ്ഞു. പിന്നീട് വീട്ടുകാർക്കൊപ്പം പറഞ്ഞുവിട്ടു. സംഭവത്തെ തുടർന്ന് ഒന്നരമണിക്കൂറോളം പാലത്തിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.