ജോലി പ്രതീക്ഷിച്ച് നൽകിയത് ലക്ഷങ്ങൾ; തൊഴിൽ തട്ടിപ്പിനിരയായ യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
text_fieldsപോത്തൻകോട് (തിരുവനന്തപുരം): സഹകരണ സംഘങ്ങളിൽ ജോലി വാഗ്ദാനം ചെയ്തുള്ള ലക്ഷങ്ങളുടെ തൊഴിൽ തട്ടിപ്പിനിരയായ യുവാവിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പോത്തൻകോട് വാവറ അമ്പലം മംഗലത്തുനട രഞ്ജിത്ത് ഭവനിൽ രജിത്തിനെ (38) ആണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ വീട്ടിലെ മുറിയ്ക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ആറ്റിങ്ങൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കേരള ട്രഡിഷണൽ ഫുഡ് പ്രോസസ്സിങ് ആന്‍റി ഡിസ്ട്രിബ്യൂഷൻ ഇൻഡസ്ട്രിയൽ കോ-ഓപറേറ്റീവ് സൊസൈറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് രജിതിൽ നിന്ന് പണം തട്ടിയത്.
സംഘത്തിന്‍റെ പ്രസിഡന്‍റാണെന്ന് പറഞ്ഞ് നിരവധി പേരിൽ നിന്ന് പണം തട്ടിയതിന് ചിറയിൻകീഴ് സ്വദേശി സജിത്ത് കുമാർ എന്നയാൾക്കെതിരെ ആറ്റിങ്ങൽ, ചിറയിൻകീഴ്, മംഗലപുരം സ്റ്റേഷനുകളിൽ കേസുകളുണ്ട്. ഒരു തവണ ചിറയിൻകീഴ് പൊലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. നിരവധി പേരിൽ നിന്നും ജോലി വാഗ്ദാനം ചെയ്തും സ്ഥിര നിക്ഷേപമായും സജിത് ലക്ഷങ്ങൾ വാങ്ങിയിരുന്നു. അഭിഭാഷകനും മാധ്യമ പ്രവർത്തനുമാണെന്ന് പരിചയപ്പെടുത്തിയാണ് സജിത് ആളുകളെ വലയിലാക്കിയിരുന്നത്. ഇയാൾക്കെതിരെ ബാർ അസോസിയേഷൻ ഡി.ജി.പിക്ക് പരാതി നൽകിയിരുന്നു. തട്ടിപ്പ് കേസുകൾ നിലവിൽ അന്വേഷിക്കുന്നത് ക്രൈം ബ്രാഞ്ചാണ്.
രജിത് സജിത്ത് കുമാറിന് ജോലിക്കായി 7.8 ലക്ഷം രൂപ നൽകിയിരുന്നു. രജിതിനും ഭാര്യയ്ക്കും ജോലിക്കായിട്ടാണ് പണം നൽകിയത്. ജോലി കിട്ടാതായതോടെ പണം തിരികെ പലവട്ടം ആവശ്യപ്പെട്ടിട്ടും സജിത് മടക്കി നൽകിയില്ല. പോത്തൻകോട് പരിധിയിൽ പതിനഞ്ചോളം പേരിൽ നിന്നായി അൻപതു ലക്ഷത്തോളം രൂപ തട്ടിയതായി നാട്ടുകാർ പറയുന്നു.
വീട്ടിൽ ആരുമില്ലാതിരുന്ന നേരത്താണ് സജിത് ആത്മഹത്യ ചെയ്തത്. തൊഴിലുറപ്പിന് പോയിരുന്ന അമ്മ മടങ്ങിവന്ന് വിളിച്ചിട്ടും മുറി തുറക്കാത്തതിനാൽ അയൽവാസികളെ അറിയിക്കുകയായിരുന്നു. ആത്മഹത്യാ കുറിപ്പും കണ്ടെത്തി. പോത്തൻകോട് പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം മെഡി. കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: രേവതി. മകൻ: ഋഷികേശ്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈൻ നമ്പർ: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.