ജ്യൂസ് കുടിച്ച യുവാവ് മരിച്ച സംഭവം; കാമുകിയുടെ ജാതകദോഷം നീക്കാൻ നടത്തിയ കൊലയെന്ന് ആരോപണം
text_fieldsപാറശ്ശാല (തിരുവനന്തപുരം): ആന്തരികാവയവങ്ങള്‍ ദ്രവിച്ചതിനെതുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ ദുരൂഹത. പെൺസുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ചതാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പാറശ്ശാല മുര്യങ്കര ജെ.പി ഹൗസില്‍ ബ്രൈറ്റ് ജയരാജ്-പ്രിയ ദമ്പതികളുടെ മകന് ഷാരോണ്‍ രാജ് (21) ആണ് മരിച്ചത്.
തമിഴ്നാട് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളജിലെ അവസാന വര്‍ഷ ബി.എസ്സി റേഡിയോളജി വിദ്യാർഥിയായിരുന്നു. ഒക്ടോബർ 14ന് പെണ്‍സുഹൃത്ത് നല്കിയ ജ്യൂസ് കുടിച്ച ഷാരോൺ 25നാണ് മരിച്ചത്. അതേസമയം, സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് പെൺസുഹൃത്ത് പറയുന്നു. കോളജിലേക്ക് സഹയാത്രികയായ കാരക്കോണം സ്വദേശിനിയുമായി ഷാരോണ്‍ അടുപ്പത്തിലായിരുന്നു. പെണ്‍കുട്ടിക്ക് വിവാഹാലോചനകൾ വന്നതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളലുണ്ടായി. കഴിഞ്ഞ 14ന് പെണ്‍കുട്ടി ആവശ്യപ്പെട്ടപ്രകാരം ഷാരോണ്‍ സുഹൃത്ത് റെജിനൊപ്പം രാമവര്‍മന്‍ചിറയില്‍ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ പോയി.
റെക്കോഡ് ബുക്കുകള്‍ തിരികെ വാങ്ങാൻ പോയെന്നാണ് വീട്ടിൽ പറഞ്ഞത്. റെജിനെ പുറത്തുനിർത്തി ഷാരോൺ തനിച്ചാണ് പെൺകുട്ടിയുടെ വീട്ടിൽ കയറിയത്. പുറത്തുവന്ന ഷാരോൺ, പെൺകുട്ടി നൽകിയ പാനീയം കഴിച്ചപ്പോൾ ഛർദിക്കാൻ തോന്നിയതായി പറഞ്ഞത്രെ. അവശനായ ഷാരോൺ രാജിനെ റെജിൻ മുര്യങ്കരയിലെ വീട്ടിലെത്തിച്ചു.
തുടര്‍ന്ന് ഷാരോണിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. അവിടെനിന്ന് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പരിശോധനക്കുശേഷം വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും അടുത്തദിവസം വായിൽ വ്രണങ്ങൾ രൂപപ്പെട്ടു. 17ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടെത്തി. അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനംതാളംതെറ്റി. തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
പൊലീസിൽ അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. പെൺകുട്ടിയുടെ വീട്ടിൽനിന്ന് കഷായവും ജ്യൂസും കുടിച്ചതായി യുവാവ് ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാരും സ്ഥിരീകരിച്ചു. ആന്തരികാവയവങ്ങള്‍ ദ്രവിച്ചെന്നും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതം മൂലമായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറയുന്നു. ഷാരോണിന്റെ പിതാവ് പാറശ്ശാല പൊലീസിൽ പരാതി നൽകി. ആന്തരികാവയവങ്ങളുടെ പരിശോധനഫലം ലഭിച്ചശേഷം അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലയെന്ന്
പാറശ്ശാല (തിരുവനന്തപുരം): ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് യുവാവ് മരിച്ച സംഭവം പെൺസുഹൃത്തിന്റെ ജാതകദോഷം നീക്കാൻ ആസൂത്രിതമായി നടത്തിയ കൊലപാതകമെന്ന് ആരോപണം. യുവതിയുടെ ജാതകദോഷം മാറ്റാൻ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് ഷാരോണിന്റെ കുടുംബം പറയുന്നു. ഷാരോണും തമിഴ്നാട് സ്വദേശിയായ പെൺകുട്ടിയും തമ്മില്‍ ഒരുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇരുവരും നേരത്തെ വെട്ടുകാട് പള്ളിയിൽവെച്ച് താലികെട്ടി. തുടർന്ന് സ്വന്തം വീടുകളിലാണ് കഴിഞ്ഞിരുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിൽ സൈനികനുമായി യുവതിയുടെ വിവാഹം ഉറപ്പിച്ചു. സെപ്റ്റംബറിൽ വിവാഹം നടത്താനായിരുന്നു തീരുമാനം. ജാതകപ്രകാരം ഈ സമയം വിവാഹം നടന്നാല്‍ ആദ്യ ഭര്‍ത്താവ് മരിക്കുമെന്നുണ്ടായിരുന്നത്രെ. ഇതിനാൽ വിവാഹം നവംബറിലേക്ക് മാറ്റി. അതിനിടെ ഇരുവരും തമ്മില്‍ അകന്നു.ശേഷം ഷാരോണിന്റെ കൈവശമുള്ള, സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ ആവശ്യപ്പെട്ട് യുവതി വിളിച്ചിരുന്നു.
പിന്നീടാണ് റെക്കോഡ് ബുക്ക് നല്‍കാനെന്ന് പറഞ്ഞ് ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ചത്. സൈനികനുമായുള്ള വിവാഹം നടക്കാനോ, ജാതകദോഷം തീര്‍ക്കാനോ ആകാം യുവതി ആസിഡ് കലര്‍ന്ന ജ്യൂസ് നല്‍കിയതെന്നും കുടുംബം ആരോപിക്കുന്നു. എന്നാൽ, താൻ കുടിച്ച പാനീയം തന്നെയാണ് ഷാരോണിന് കൊടുത്തതെന്നാണ് പെൺകുട്ടിയുടെ വാദം.അതേസമയം പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ലെന്ന് പാറശ്ശാല പൊലീസ് പറയുന്നു. കേസ് അട്ടിമറിക്കാൻ പൊലീസ് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്നും കുടുംബം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.