'അയ്യപ്പനും കോശിയു'മല്ല; പൊളിച്ചത് നാടിന് ബാധ്യതയായ കെട്ടിടമെന്ന് യുവാവ്
text_fieldsചെറുപുഴ (കണ്ണൂർ): അയ്യപ്പനും കോശിയും സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ജെ.സി.ബി ഉപയോഗിച്ച് പലചരക്കുകട പൊളിച്ച യുവാവിെൻറ വിഡിയോ വൈറലായി. സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമായ കെട്ടിടമാണ് താൻ പൊളിക്കുന്നതെന്നാണ് കണ്ണൂർ ചെറുപുഴ കൂമ്പൻകുന്നിലെ പ്ലാക്കുഴിയിൽ ആൽബിൻ (31) വിഡിയോയിലൂടെ വ്യക്തമാക്കുന്നത്. .
നാടിന് ബാധ്യതയായ കെട്ടിടം ഞാൻ ഇടിച്ചുനിരത്തുന്നു എന്ന് പറഞ്ഞ ശേഷമാണ് കെട്ടിടം ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കിയത്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ ഇതിന് സമാന രംഗമുണ്ട്. 'കഴിഞ്ഞ 30 വർഷമായി ഈ കെട്ടിടം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങളുടെ താവളമാണ്. മദ്യപാനവും ലഹരി ഉപയോഗവും ഇവിടെ പതിവാണ്. മൂന്നുകൊലക്കേസ്, കഴിഞ്ഞ മാസം രണ്ട് പോക്സോ കേസ് എന്നിങ്ങനെ ഈ കടയുടമയുടെ പേരിൽ റിപ്പോർട്ട് ചെയ്തതാണ്. ഇതുവരെ പൊലീസ് നടപടിയില്ല. അതുകൊണ്ട് ഈ സ്ഥാപനം ഞാൻ പൊളിച്ചു കളയുന്നു' എന്നാണ് ആൽബിൻ പറയുന്നത്.
ഇയാളുടെ അയൽവാസികൂടിയായ പുളിയാർമറ്റത്തിൽ സോജിയുടെതാണ് പലചരക്ക് കടയും ചായക്കടയും പ്രവർത്തിക്കുന്ന കെട്ടിടം. കട തുറന്ന സോജി രാവിലെ 9 മണിയോടെ കടയടച്ചു വീട്ടിലേക്ക് പോയ സമയത്താണു സംഭവം. തനിക്കു വരുന്ന വിവാഹാലോചനകൾ മുടക്കിയ വൈരാഗ്യമാണു കട തകർക്കാൻ കാരണമെന്നു ആൽബിൻ പൊലീസിനോട് പറഞ്ഞു. സംഭവത്തിന് ശേഷം ചെറുപുഴ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയ ഇയാളെ കോടതിയിൽ ഹാജരാക്കി. തുടർന്ന്14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. എന്നാൽ, ആൽബിെൻറ ആരോപണം വാസ്തവ വിരുദ്ധമാണെന്നു സോജി മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.