കുഴിയടക്കാത്തതിൽ പരസ്പരം പഴിചാരി ഒഴിയുകയാണ് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും
text_fieldsകൊച്ചി: നഗരമധ്യത്തിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. വരാപ്പുഴ കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലെൻറ മകൻ യദുലാലാണ് (23) മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനുസമീപം മാസങ്ങൾക്കു മുമ്പ് കുടിവെള്ള പൈപ്പ് പൊട്ടിയുണ്ടായ കുഴിയിൽ വീണ യദുലാലിെൻറ ദേഹത്ത് പിന്നാലെ വന്ന ലോറി കയറുകയായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് അപകടം.
ഉബർ ഈറ്റ്സിൽ പാർട്ട് ടൈം വിതരണക്കാരനായ യദുലാൽ, കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിൽ കംപ്യൂട്ടർ പഠനം നടത്തുന്നുണ്ട്. ഇതിെൻറ ഫീസടക്കാൻ നഗരത്തിലേക്ക് വരുന്നതിനിടെയാണ് അപകടം. കുഴി മറച്ച് സ്ഥാപിച്ചിരുന്ന ബോര്‍ഡില്‍ തട്ടിയാണ് വീണതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥ മൂലം യുവാവിെൻറ ജീവൻ നഷ്ടപ്പെട്ടതിനെ തുടർന്ന് പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ജലവിഭവ മന്ത്രി കെ. കൃഷ്ണൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി. സംസ്ഥാന മനുഷ്യാവകാശ കമീഷൻ സ്വമേധയ കേസെടുത്തു. ജില്ല കലക്ടര്‍ എസ്. സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. എ.ഡി.എം കെ. ചന്ദ്രശേഖരൻ നായർക്കാണ് അന്വേഷണ ചുമതല. കുഴിയടക്കാത്തതിൽ പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്നൊഴിയുകയാണ് ജല അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും.
നിഷയാണ് യദുലാലിെൻറ അമ്മ. ഏക സഹോദരൻ: നന്ദുലാൽ. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം പറവൂർ തോന്നിയകാവ് ശ്മശാനത്തിൽ സംസ്കരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.