സി.െഎ ചമഞ്ഞ് 'കള്ളനോട്ട് പരിശോധന'; പണവുമായി മുങ്ങിയ യുവാവ് പിടിയിൽ
text_fieldsപത്തനാപുരം: പൊലീസ് സർക്കിൾ ഇൻസ്പെക്ടർ ചമഞ്ഞ് വ്യാപാരസ്ഥാപനങ്ങളില്‍ തട്ടിപ്പ് നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. വണ്ടിപ്പെരിയാർ വള്ളക്കടവ് പുത്തൻതറയിൽ ഉണ്ണി (35) ആണ് പത്തനാപുരം പൊലീസിെൻറ പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയോടെ പട്ടാഴി വടക്കേക്കര കടുവാത്തോട് റേഷൻ കടക്ക് സമീപം സ്റ്റേഷനറി കടയിലാണ് തട്ടിപ്പ് നടന്നത്. ഓട്ടോയിൽ എത്തിയ ഉണ്ണി പൊലീസ് ഓഫിസറാണെന്ന് പരിചയപ്പെടുത്തിയശേഷം കടയ്ക്കുള്ളില്‍ കയറുകയായിരുന്നു.
വിദേശമദ്യ കച്ചവടം നടക്കുന്നുണ്ടെന്നറിഞ്ഞ് വന്നതാണെന്നും കട പരിശോധിക്കണമെന്നും വ്യാപാരിയായ ഗോപിയോട് ആവശ്യപ്പെട്ടു. പരിശോധന നടത്തിയശേഷം മേശയിലുണ്ടായിരുന്ന 2200 രൂപ എടുത്തു. നോട്ടുകളിൽ കള്ളനോട്ടുണ്ടെന്നും പരിശോധനക്കായി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ യുവാവ് ഓട്ടോയിൽ സ്ഥലംവിട്ടു. സംശയം തോന്നിയ കടയുടമ സംഭവം പത്തനാപുരം പൊലീസില്‍ അറിയിച്ചപ്പോഴാണ് തട്ടിപ്പാണെന്നറിയുന്നത്. ബുധനാഴ്ച വീണ്ടും കടുവാത്തോട്ടിലെത്തിയ ഉണ്ണിയെ ചില ഓട്ടോക്കാർ തിരിച്ചറിഞ്ഞ് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
ഇയാള്‍ കുറെനാളായി പട്ടാഴി വടക്കേക്കരയിൽ അമ്മയും ഭാര്യയും മക്കളുമായി വാടകക്ക് താമസിച്ച് വരികയാണ്. ചില അനാഥാലയങ്ങൾക്ക് വേണ്ടി സാമ്പത്തിക പിരിവ് നടത്തുന്ന ജോലി ചെയ്തു വരികയായിരുന്നുവെന്ന് ഉണ്ണി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. സമാനമായ രീതിയിലോ മറ്റ് കേസുകളിലോ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അേന്വഷിക്കുന്നുണ്ട്. പത്തനാപുരം സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐമാരായ സുബിൻ തങ്കച്ചൻ, ഷിബു, സുധാകരൻ, എ.എസ്.ഐ മധു, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഹരികൃഷ്ണൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പത്തനാപുരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.