ചോർ നൽകാൻ വൈകിയതിന് ഭാര്യാപിതാവിനെ കൊന്ന യുവാവിന് തടവും പിഴയും
text_fieldsതിരുവനന്തപുരം: ചോർ വിളമ്പാൻ വൈകിയതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം കഠിനതടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ.
വിതുര ചേന്നൻപാറ പന്നിയോട്ടുമൂല വസന്ത വിലാസം വീട്ടിൽ സുന്ദരനെ (60) കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തിയ കേസിലാണ് മകളുടെ ഭർത്താവ് ചുള്ളിമാനൂർ മൊട്ടക്കാവ് കടുവാച്ചിറ പാറയംവിളാകത്ത് വീട്ടിൽ രാകേഷ് (35) എന്ന വിനോദിനെ ശിക്ഷിച്ചത്.
2017 നവംബർ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. വിവാഹശേഷം വിതുരയിലെ വീട്ടിലാണ് പ്രതിയും സുന്ദരന്‍റെ മകളും താമസിച്ചിരുന്നത്. സംഭവ ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയ പ്രതി ആഹാരം വിളമ്പുന്നത് വൈകിയതുമായി ബന്ധപ്പെട്ട് പ്രിയയെ ചീത്ത വിളിച്ച് ദേഹോപദ്രവമേൽപിച്ചു. തടയാൻ ശ്രമിച്ച പിതാവ് സുന്ദരന്‍റെ തലയിലേക്ക് പലക എറിഞ്ഞ് മുറിവേൽപിച്ചു. വീട്ടിലുണ്ടായിരുന്ന ഇരുമ്പുകത്രികകൊണ്ട് നെഞ്ചിൽ മുറിവേൽപിച്ച ശേഷം ഓടി രക്ഷപ്പെട്ടു. സുന്ദരനെ വിതുര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
തിരുവനന്തപുരം ആറാം അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. അജിത്കുമാറിന്‍റേതാണ് വിധി. പിഴ ഒടുക്കിയില്ലെങ്കിൽ മൂന്നു മാസം കൂടി കഠിനതടവ് അനുഭവിക്കണം.ജീവപര്യന്തം തടവിനു പുറമെ, അപകടകരമായ ആയുധം ഉപയോഗിച്ച് മുറിവേൽപിച്ചതിന് ഒരു വർഷം കഠിനതടവും അസഭ്യവാക്കുകൾ ഉപയോഗിച്ചതിന് ഒരു മാസം സാധാരണ തടവും കൂടി പ്രതി അനുഭവിക്കണം.
കേസിലെ ഒന്നും രണ്ടും സാക്ഷികളായ സുന്ദരത്തിന്‍റെ ഭാര്യ വസന്ത, മകൾ പ്രിയ എന്നിവർക്ക് ലീഗൽ സർവിസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകണമെന്നും കോടതി ഉത്തരവിട്ടു.
ചുള്ളിമാനൂരിൽനിന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് 2017 മുതൽ ജുഡീഷ്യൽ കസ്റ്റഡിലാണ് പ്രതി വിചാരണ നേരിട്ടത്.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദീൻ, രാഖി ആർ.കെ, ദേവിക അനിൽ എന്നിവർ ഹാജരായി. 17 സാക്ഷികളെ വിസ്തരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.