ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്ന്; കൽപറ്റയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയുടെ ആത്മഹത്യ ഭീഷണി
text_fieldsകൽപറ്റ: ലോട്ടറിയടിച്ച തുക തട്ടിയെടുത്തെന്നാരോപിച്ച് വയനാട് കൽപറ്റയിലെ ലോഡ്ജിൽ കൊല്ലം സ്വദേശിയായ യുവാവിന്റെ ആത്മഹത്യ ഭീഷണി. ബുധനാഴ്ച രാവിലെ 11ഓടെ എം.ജി.ടി ലോഡ്ജിലായിരുന്നു സംഭവം. കൊല്ലം പുനലൂർ സ്വദേശി രമേശനാണ് പെട്രോളും മണ്ണെണ്ണയും ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. മണിക്കൂറോളം മുൾമുനയിൽ നിർത്തിയ ഇയാളെ പിന്നീട് വാതിൽ തകർത്ത് കീഴ്പ്പെടുത്തുകയായിരുന്നു.
2020ല്‍ തനിക്ക് ലോട്ടറി അടിച്ചിരുന്നെന്നും എന്നാല്‍, ഈ തുക തനിക്ക് ലഭിച്ചില്ലെന്നും വയനാട് അമ്പലവയല്‍ സ്വദേശിയായ ഒരാള്‍ തട്ടിയെടുത്തെന്നുമാണ് ഇയാള്‍ ആരോപിക്കുന്നത്. ഇതില്‍ സുല്‍ത്താന്‍ ബത്തേരി പൊലീസില്‍ പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്ന് പറഞ്ഞായിരുന്നു ആത്മഹത്യാ ഭീഷണി.
ചൊവ്വാഴ്ച രാവിലെ പത്തോടെയാണ് രമേശന്‍ കല്‍പറ്റയിലെത്തിയത്. ബുധനാഴ്ച രാവിലെ 11ഓടെ കല്‍പറ്റ പ്രസ് ക്ലബിലേക്കും പൊലീസ് സ്റ്റേഷനിലേക്കും വിളിച്ച്, താന്‍ ആത്മഹത്യ ചെയ്യുകയാണെന്നും പൊലീസില്‍നിന്ന് നീതി ലഭിക്കുന്നില്ലെന്നും അറിയിച്ചു. ഇതിനു പിന്നാലെ സ്ഥലത്തെത്തിയ പൊലീസുകാരെ കണ്ടതോടെ ഇയാൾ മുറിയില്‍ കയറി വാതിലടച്ചു. ജില്ല കലക്ടറും തഹസില്‍ദാറും എത്താതെ വാതില്‍ തുറക്കില്ലെന്ന് പറഞ്ഞ രമേശൻ ദേഹത്ത് പെട്രോളും മണ്ണെണ്ണയും ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കുകയായിരുന്നു. മണിക്കൂറോളം പൊലീസും ഫയർ ഫോഴ്സ് സംഘവും അനുനയ ശ്രമം നടത്തിയിട്ടും വഴങ്ങാതിരുന്നതോടെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തു കയറി കീഴ്പ്പെടുത്തുകയും തുടര്‍ന്ന് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് നീക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.