കുഴിയിൽ വീണ് യുവാവിന്‍റെ മരണം: എസ്.ഐക്കെതിരെ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമീഷൻ
text_fieldsകോഴിക്കോട്: നിർമാണത്തിലുള്ള കെട്ടിടത്തിന്റെ ലിഫ്റ്റ് സ്ഥാപിക്കേണ്ട കുഴിയിൽ വീണ നിലയിൽ കണ്ടെത്തിയ യുവാവിനെ പുറത്തെടുത്ത് ആശുപത്രിയിലെത്തിക്കാത്ത സബ് ഇൻസ്പെക്ടറുടെ പേരിൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ. ഉത്തരവിന്മേൽ സ്വീകരിച്ച നടപടി ആഭ്യന്തര വകുപ്പ് സെക്രട്ടറി രണ്ടു മാസത്തിനകം അറിയിക്കണമെന്നും ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
2019 സെപ്റ്റംബർ 26ന് ബാലുശ്ശേരി എസ്.ഐയായിരുന്ന വിനോദിനെതിരെ നടപടിയെടുക്കാനാണ് ഉത്തരവ്.ബാലുശ്ശേരി ബസ് സ്റ്റാൻഡിനു സമീപമുള്ള കെട്ടിടത്തിലാണ് ഉണ്ണികുളം എം.എം പറമ്പ് സ്വദേശി വിപിൻരാജ് അപകടത്തിൽപെട്ടത്. രാത്രി ഫോണിൽ സംസാരിച്ച് കെട്ടിടത്തിലേക്ക് കയറിപ്പോകവെയായിരുന്നു അപകടം. ബാലുശ്ശേരി പൊലീസ് ഉടൻ സ്ഥലത്തെത്തി. ലിഫ്റ്റ് സ്ഥാപിക്കാനെടുത്ത കുഴിയിലെ വെള്ളക്കെട്ടിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് വിപിൻരാജിനെ കണ്ടെത്തിയത്.
വീണയാളെ പുറത്തെടുക്കാൻ എസ്.ഐ ശ്രമിച്ചില്ലെന്നു മാത്രമല്ല, അവിടെ കൂടിയിരുന്നവർ വിപിൻരാജിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അനുവദിച്ചുമില്ല.എസ്.ഐയുടെ ഭാഗത്ത് ഗുരുതര പിഴവുണ്ടെന്ന് കമീഷൻ അന്വേഷണ വിഭാഗം കണ്ടെത്തി. എസ്.ഐക്ക് മാനുഷികമായ സമീപനമുണ്ടായിരുന്നെങ്കിൽ ഒരുപക്ഷേ വിപിൻരാജ് രക്ഷപ്പെടുമായിരുന്നുവെന്നും ഉത്തരവിൽ പറഞ്ഞു.
എസ്.ഐയുടെ നടപടി മനുഷ്യത്വരഹിതവും പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് ഉണ്ടാകാൻ പാടില്ലാത്തതുമാണ്. കൃത്യനിർവഹണത്തിൽ എസ്.ഐ കുറ്റകരമായ വീഴ്ചവരുത്തിയതായും കമീഷൻ ഉത്തരവിൽ പറഞ്ഞു. മരിച്ച യുവാവിന്റെ അമ്മ പ്രസന്നകുമാരി സമർപ്പിച്ച പരാതിയിലാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.