വാർ റൂമിൽ ട്രെൻഡറിഞ്ഞ് യുവനിര
text_fieldsകൊച്ചി: തെരഞ്ഞെടുപ്പ് വാർ റൂമുകൾ കൈയടക്കിയിരിക്കുകയാണ് യുവനിര. പ്രചാരണത്തിൽ ഡിജിറ്റൽ രംഗത്തിെൻറ പ്രാധാന്യമേറിയതോടെ ട്രെൻഡറിഞ്ഞ് തന്ത്രങ്ങൾ മെനയുകയാണ് ദൗത്യം.
പ്രതീക്ഷിക്കാതെ പൊട്ടിപ്പുറപ്പെടുന്ന വിവാദങ്ങൾക്ക് ഇവിടെ മിനിറ്റുകൾക്കകം മറുപടിയൊരുങ്ങും. സമൂഹ മാധ്യമങ്ങളിലൂടെ പരമാവധി ആളുകളിൽ അത് എത്തിയെന്ന് ഉറപ്പാക്കുംവരെ പിന്നീട് അവർക്ക് വിശ്രമമില്ല. ഇടതുപക്ഷത്തിെൻറ പ്രവർത്തനങ്ങൾക്ക് പാർട്ടി ജില്ല ഓഫിസുകളിൽ എസ്.എഫ്.ഐ നേതൃത്വത്തിലുള്ള കോർ ടീമാണ് നേതൃത്വം നൽകുന്നത്.
വിവിധ മണ്ഡലങ്ങൾ നിരീക്ഷിച്ചാണ് നീക്കം. ജില്ല നേതൃത്വത്തിെൻറ നിർദേശമനുസരിച്ച് വിവിധ മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരാണ് യു.ഡി.എഫിന്റെ വാർ റൂമുകൾ നിയന്ത്രിക്കുന്നത്.
ജോലി 12 മണിക്കൂർ വരെ
സാങ്കേതിക വിദഗ്ധരായ യുവാക്കൾ 12 മണിക്കൂർ വരെ തുടർച്ചയായി ജോലിയിൽ അണിനിരന്നതോടെ മുതിർന്ന നേതാക്കൾക്കും ആശങ്കയില്ല. സോഷ്യൽ മീഡിയ ട്രെൻഡുകൾ നിരീക്ഷിക്കുക, ഭരണ നേട്ടങ്ങളും മുൻകാല വിവാദങ്ങളും കൃത്യമായ ഇടവേളകളിൽ അവതരിപ്പിക്കുക എന്നിവയാണ് ഒരു വിഭാഗത്തിെൻറ ജോലി. വിവാദങ്ങൾക്ക് ഒട്ടും വൈകാതെ മറുപടി തയാറാക്കി ജനങ്ങളിലെത്തിക്കുന്ന ദ്രുതകർമസംഘമാണ് പ്രധാനികൾ.
ഒറ്റനോട്ടത്തിൽ വായനക്കാരന് കാര്യങ്ങൾ മനസ്സിലാകുംവിധം ചുരുങ്ങിയ വാക്കുകളിൽ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇവർ ഒരുക്കുന്നത്. സിനിമ ഡയലോഗുകളടക്കം ഉപയോഗപ്പെടുത്തും. ട്രെൻഡറിഞ്ഞ് വേണം പ്രവർത്തനമെന്നുള്ളതുകൊണ്ടാണ് യുവനിരയെ രംഗത്തിറക്കിയിരിക്കുന്നതെന്ന് മുതിർന്ന േനതാക്കൾ പറയുന്നു.
ഒരു മാസം മുമ്പ് തന്നെ ഇതിനായി യുവാക്കളെ തെരഞ്ഞെടുത്തിരുന്നു. എൽ.ഡി.എഫ് ഭരണ നേട്ടങ്ങളാണ് ആദ്യഘട്ടത്തിൽ ഉയർത്തിക്കാട്ടിയത്. ഈസമയം വിവാദങ്ങളായിരുന്നു യു.ഡി.എഫ് പ്രചാരണായുധങ്ങൾ. പോസ്റ്ററുകൾ, ചെറിയ വിഡിയോകൾ, ലഘുലേഖകൾ തുടങ്ങിയവയൊക്കെ സാഹചര്യങ്ങൾ മനസ്സിലാക്കി നിർമിക്കും. ഇരുമുന്നണികൾക്കും വേണ്ടി 'വർക്ക് ഫ്രം ഹോം' രീതിയിൽ ചെയ്യുന്നവരുമുണ്ട്.
പര്യടനം മുതൽ ഫണ്ട് വിനിയോഗം വരെ
സ്ഥാനാർഥിയുടെ പ്രചാരണത്തിന് ഷെഡ്യൂൾ തയാറാക്കുന്നത് മുതൽ ഫണ്ട് വിനിയോഗം വരെയുള്ള കാര്യങ്ങൾക്ക് നേതൃത്വം നൽകുന്നത് വാർ റൂമിലെ ഈ യുവസംഘങ്ങളാണ്. പര്യടനത്തിെൻറ റൂട്ട്, വാഹനങ്ങളുടെ പെർമിറ്റെടുക്കൽ, അനൗൺസ്മെൻറ് വണ്ടിയും ഓപൺ ജീപ്പുകളും സജ്ജീകരിക്കൽ, അവക്കായി കമീഷണർ ഓഫിസ് മുതൽ കലക്ടറേറ്റ് വരെയുള്ള നിയമനടപടികൾ പൂർത്തിയാക്കൽ ഇങ്ങനെ എല്ലാ കാര്യങ്ങളിലും അവരുടെ ശ്രദ്ധയെത്തും.
പ്രചാരണ ചെലവ് വിലയിരുത്തുന്നതിനും വിനിയോഗിക്കുന്നതിനും യുവാക്കളുടെ അക്കൗണ്ട്സ് വിഭാഗവുമുണ്ട്. നിയമസഹായങ്ങൾ നൽകുന്നതിന് യുവ അഭിഭാഷകരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.