'സർ, അയൽപക്കത്തെ യുവതി ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം'; പിന്നെ സംഭവിച്ചത്...
text_fieldsവളാഞ്ചേരി (മലപ്പുറം): 'സർ, അയൽപക്കത്തെ യുവതി ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നു, പെട്ടെന്ന് എത്തണം.' കഴിഞ്ഞ ദിവസം ഉച്ചക്ക് 12ന് ഇരിമ്പിളിയം പഞ്ചായത്തിലെ പ്രദേശത്തുനിന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് പരിഭ്രാന്തമായ ഒരു ഫോൺ കാൾ. ഉടൻ ഇൻസ്പെക്ടർ പി.എം. ഷമീറിെൻറ നേതൃത്വത്തിലുള്ള സംഘം കുതിച്ചെത്തി.
20കാരിയായ വീട്ടമ്മയാണ് ആത്മമഹത്യ ഭീഷണി മുഴക്കിയത്. ഭർത്താവും വീട്ടുകാരും തമ്മിലുള്ള പിണക്കത്തെ തുടർന്ന് കക്ഷി ഭീഷണിപ്പെടുത്തിയതാണ്. പൊലീസും കൂടെ വന്നവരും സമാധാനിപ്പിച്ചു, കൂടെ ഉപദേശവും നൽകി. യുവതി ആത്മമഹത്യ ഭീഷണി പിൻവലിക്കുകയും ചെയ്തു.
കുടുംബത്തിെൻറ വീട്ടുസാഹചര്യങ്ങൾ പരിതാപകരമെന്ന് സ്ഥലത്ത് എത്തിയവർക്ക് മനസ്സിലായി. അഞ്ചംഗ കുടുംബം താമസിക്കുന്നത് പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് കെട്ടിയുണ്ടാക്കിയ ഷെഡ്ഡിലാണ്. ട്രിപ്ൾ ലോക്ഡൗൺ മൂലം ജോലിക്ക് പോകാനാകാതെ ഗൃഹനാഥൻ പ്രയാസത്തിലാണ്. സ്വന്തമായി വീടില്ലാത്തതിനാൽ റേഷൻ കാർഡും ഇല്ല. ഇവരുടെ ബന്ധുക്കളായ അയൽവാസികൾക്ക് സഹായിക്കണമെന്നുണ്ട്. എന്നാൽ, അവരും ഏറെക്കുറെ ഇതേ അവസ്ഥയിലാണ്.
ദുരിതം മനസ്സിലാക്കി തിരിച്ചുപോയ പൊലീസ് വൈകീട്ട് എത്തിയത് രണ്ടാഴ്ച കഴിയാനുള്ള ഭക്ഷണകിറ്റുമായാണ്. കാരുണ്യമതികളായ ചിലരുടെ സഹായത്തോടെ ഭക്ഷണകിറ്റുകൾ സംഘടിപ്പിക്കുകയായിരുന്നെന്ന് ഇൻസ്പെക്ടർ പറഞ്ഞു. ലോക്ഡൗണുമായി ബന്ധപ്പെട്ട് ധാരാളം ആളുകൾ ഇത്തരത്തിൽ ദുരിതത്തിൽ കഴിഞ്ഞുകൂടുന്നുണ്ടെന്നും ഇത്തരക്കാരെ സഹായിക്കാൻ സുമനസ്സുകൾ രംഗത്തുവരണമെന്നും ഇൻസ്പെക്ടർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.