ബന്ധുവീട്ടില്‍ യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു; ഭർത്താവ് അറസ്റ്റിൽ
text_fieldsപനമരം (വയനാട്): പനമരത്ത് ബന്ധുവീട്ടിൽ താമസത്തിനെത്തിയ യുവതിയെ ശ്വാസംമുട്ടിച്ചുകൊന്നു. കോഴിക്കോട് കുണ്ടായിത്തോട് വാകേരി മുണ്ടിയാർവയൽ അബൂബക്കർ സിദ്ദീഖിന്‍റെ ഭാര്യ നിത ഷെറിൻ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സിദ്ദീഖിനെ (28) പനമരം പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച വൈകീട്ട് നാലോടെയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാംപ്രവൻ അബ്ദുൽ റഷീദിന്‍റെ വീട്ടിൽ രണ്ട് വയസ്സുള്ള മകനോടൊപ്പം ദമ്പതിമാർ എത്തിയത്.
വീടിന്‍റെ മുകളിലത്തെ മുറിയിലാണ് ഇവർ താമസിച്ചിരുന്നത്. രാത്രിയിൽ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പൊലീസിന് കൈമാറിയത്. പനമരം പൊലീസ് സ്ഥലത്തെത്തി വിളിച്ചുണർത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്.
ഭാര്യയോടുള്ള സംശയമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. റൂമിൽതന്നെ ഉണ്ടായിരുന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുവർഷം മുമ്പാണ് ഇവർ വിവാഹിതരായത്. മൈസൂരുവിലേക്ക് വിനോദയാത്ര പോവാനാണ് ഇവർ ബൈക്കിൽ പനമരത്തെ ബന്ധുവീട്ടിൽ എത്തിയത്. ഭാര്യയെ കൊല്ലാൻ തീരുമാനിച്ചാണ് വിനോദയാത്ര ആസൂത്രണം ചെയ്തതെന്ന് പ്രതി പിന്നീട് പൊലീസിനോട് പറഞ്ഞു.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കോഴിക്കോട്ട് ഒളവണ്ണ കൊടിനാട്ട് മുക്ക് പെരിങ്ങാടൻ പി.പി. റഫീഖിന്‍റെ രണ്ടാമത്തെ മകളാണ് നിദ ഷെറിൻ.
മാതാവ്: ബുഷറ. ഏക മകൻ: സയാൻ (ഒന്നര വയസ്സ്).സഹോദരിമാർ: നജ ഷെറിൻ, നിയ ഷെറിൻ,നൗറി ഷെറിൻ, നിഹ ഷെറിൻ. കേഴിക്കോട്ടെ തുണിക്കടയിൽ ഈയിടെയാണ് നിദ ഷെറിൻ ജീവനക്കാരിയായി കയറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.