'നിങ്ങടെ നമ്പരാണ് എന്റെ ഫോണിൽ ആദ്യം; എന്തേലും സംഭവിച്ചാൽ നാട്ടിലെത്തിക്കണേ'; ഒടുവിൽ അദ്ദേഹത്തിന്റെ ദേഹവും നാട്ടിലേക്ക്
text_fieldsഗൾഫ് മേഖലയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും മുന്നിൽനിൽക്കുന്ന വ്യക്തിയാണ് അഷ്റഫ് താമരശ്ശേരി. ഓരോ ദിവസവും പ്രവാസ ലോകത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ സ്വന്തം നാടുകളിൽ എത്തിക്കുന്നതിൽ മുന്നിൽനിന്നും പ്രവർത്തിക്കുന്നത് അഷ്റഫാണ്. എല്ലാ ദിവസവും അദ്ദേഹം വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. കഴിഞ്ഞ ദിവസം അഷ്റഫ് പങ്കുവെച്ച കുറിപ്പ് ഹൃദയം നുറുങ്ങുന്ന വേദനയോടെയേ വായിക്കാനാവൂ. മുമ്പ് പരിചയപ്പെട്ട ഒരാളുടെ മൃതശരീരം നാട്ടിലേക്ക് അയക്കേണ്ടിവന്ന അവസ്ഥയെ കുറിച്ചാണ് അഷ്റഫ് താമരശേരി വിവരങ്ങൾ പങ്കുവെച്ചത്.
കുറിപ്പിൽനിന്ന്:
കഴിഞ്ഞ ആഴ്ച ദുബൈയിലെ സോനാപൂരില്‍ നാലു മൃതദേഹങ്ങള്‍ കയറ്റിയയക്കുന്നത്തിനുള്ള തുടര്‍ നടപടികളുടെ തിരക്കിലായിരുന്നു ഞാന്‍. മൃതദേഹങ്ങളുടെ ഉറ്റവരുടെ കൂട്ടത്തില്‍ വന്നൊരാള്‍ ഒരു കുപ്പി വെള്ളവും ഒരു പഴവും എനിക്ക് തന്നു. നല്ല വിശപ്പുള്ള സമയമായിരുന്നു. എന്നാല്‍ പുറത്ത് പോയി ഭക്ഷണം കഴിക്കാന്‍ ഒഴിവുള്ള സമയവും ആയിരുന്നില്ല. വല്ലാത്തൊരു അനുഗ്രഹമായിരുന്നു ആ ഭക്ഷണം. എന്നോടൊപ്പം അദ്ദേഹത്തിനും ഒരു കഷ്ണം നല്‍കി അത് കഴിച്ചു. എന്‍റെ ആ നേരത്തെ അവസ്ഥ കണ്ടിട്ട് അദ്ദേഹം പുറത്ത് പോയി വാങ്ങി വന്നതായിരുന്നു അത്.
ഭക്ഷണം കഴിച്ച ശേഷം കുശലാന്വേഷണം നടത്തുന്നതിനിടയിലാണ് അദ്ദേഹം ഒരു കാര്യം പറഞ്ഞത്. അദ്ദേഹത്തിന്‍റെ ഫോണില്‍ ആദ്യത്തേത് എന്‍റെ നമ്പര്‍ ആണെന്ന്. നാട്ടിലുള്ള ഭാര്യക്കും എന്‍റെ നമ്പര്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് അത്യാഹിതം എന്തെങ്കിലും സംഭവിച്ചാല്‍ അധികം വൈകാതെ നാട്ടിലെത്തിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒരു താമശയായി കണ്ട് ചിരിച്ചു തോളില്‍ തട്ടിയാണ് അന്ന് ഞങ്ങള്‍ പിരിഞ്ഞത്. കഴിഞ്ഞ ദിവസം ഷാര്‍ജയിലെ ആശുപത്രിയില്‍ നിന്നും ഹൃദയാഘാതത്തെ തുടര്‍ന്ന് മരണപ്പെട്ട ഒരു കേസ് വന്നിരുന്നു. ഉടനെ തന്നെ എനിക്ക് അവിടെയെത്താന്‍ കഴിഞ്ഞിരുന്നു.
മൃതദേഹം കണ്ടപ്പോള്‍ ഞാന്‍ ആകെ തരിച്ചുപോയി. അന്ന് എനിക്ക് പഴവും വെള്ളവും വാങ്ങിത്തന്ന സഹോദരന്‍. എനിക്ക് വിശ്വസിക്കാനേ കഴിഞ്ഞില്ല. സാവധാനം ആ യാഥാര്‍ത്ഥ്യം മനസ്സിനെ ബോധ്യപ്പെടുത്തെണ്ടി വന്നു. ആ പ്രിയ സഹോദരന്‍ കൂടി യാത്രയായിരിക്കുന്നു. ചില യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങിനെയാണ് നമുക്ക് വിശ്വസിക്കാനേ കഴിയില്ല. ഈ സഹോദരന്‍റെ മൃതദേഹം നാട്ടിലേക്ക് അയച്ച് തിരികേ ഒറ്റക്ക് വീട്ടിലേക്ക് വരുമ്പോള്‍ അസ്വസ്ഥതകള്‍ മനസ്സിനെ വല്ലാതെ പിടികൂടി. ഏറ്റവും അടുത്ത സുഹൃത്തിനെ വിളിച്ച് ഈ വിഷമങ്ങള്‍ പങ്ക് വെച്ച് സമാധാനമായയിട്ടാണ് വീട്ടിലേക്ക് കയറിയത്. അദ്ദേഹത്തിന്‍റെ വീട്ടുകാരേയും പ്രിയപ്പെട്ടവരേയും കുറിച്ചാണ് അപ്പോള്‍ ഞാന്‍ ആലോചിച്ചത്. അവര്‍ എത്ര മാത്രം വേദനിക്കുന്നുണ്ടാകും എന്ന്. ഓരോ മരണങ്ങളും എത്രയോ പേരെ തീരാ ദുഖത്തിലാക്കുന്നു... എല്ലാവർക്കും നല്ലത് മാത്രം വരട്ടേയെന്ന പ്രാര്‍ഥനകള്‍ മാത്രം...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.