ധനലക്ഷ്മി ബാങ്കിൽ ജോലി വാഗ്ദാനംചെയ്ത് 9.25 ലക്ഷം തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsചെങ്ങന്നൂർ: ധനലക്ഷ്മി ബാങ്കിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വാഗ്ദാനം നൽകി മാന്നാർ സ്വദേശിയിൽ നിന്ന് ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. എറണാകുളം ഇടപ്പളളി മാളിയേക്കൽ റോഡിൽ അമൃതഗൗരി അപ്പാർട്ട് മെൻറിൽ കിഷോർ ശങ്കർ (ശ്രീറാം -40) നെയാണ് അറസ്റ്റ് ചെയ്തത്.
ധനലക്ഷ്മി ബാങ്കിന്റെ എൻ.ആർ.ഐ സെക്ഷൻ മാനേജരാണെന്ന് പരിചയപ്പെടുത്തിയാണ് മാന്നാർ സ്വദേശിയായ യുവാവിൽ നിന്ന് പണം തട്ടിയത്. ഒരു ഹോട്ടലിൽവെച്ചായിരുന്നു ഇവർ കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് ജോലി നൽകാൻ എന്ന പേരിൽ കഴിഞ്ഞ മൂന്ന് മാസങ്ങളായി പല തവണകളായിട്ടാണ് ഒൻപതേകാൽ ലക്ഷം രൂപ തട്ടിയെടുത്തത്. ലക്ഷങ്ങൾ നൽകിയിട്ടും ജോലി ലഭിക്കാത്തതിനാൽ വ്യാഴാഴ്ച യുവാവ് മാന്നാർ പൊലീസിൽ പരാതിയുമായി എത്തുകയായിരുന്നു.
എറണാകുളം പള്ളിമുക്ക് ഭാഗത്തുള്ള ലോഡ്ജിന് സമീപത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. അന്വേഷണത്തിന് എസ്.ഐമാരായ സി.എസ്. അഭിരാം, ഗിരീഷ്, എ.എസ്.ഐ റിയാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സാജിദ്, സുധീഷ്, സിവിൽ പൊലീസ് ഓഫീസർ ഹരിപ്രസാദ് എന്നിവർ നേതൃത്വം നൽകി.
തിരുവനന്തപുരം, എറണാകുളം തുടങ്ങിയ സ്ഥലങ്ങളിൽ സമാന രീതിയിലും ബാങ്കിൽ നിന്ന് വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ചും പ്രമുഖരുൾപ്പടെയുള്ളവരെ ഇയാൾ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. 2016ൽ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിൽ കഴിഞ്ഞയാളുമാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു. ചെങ്ങന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.