കോഫി ഷോപ് തുടങ്ങാൻ പണം കണ്ടെത്താൻ എം.ഡി.എം.എ വിൽപന; യുവാവ് പിടിയിൽ
text_fieldsകൊച്ചി: കടബാധ്യത തീർക്കുന്നതിനും സ്വന്തമായി കോഫി ഷോപ് തുടങ്ങുന്നതിനും പണം കണ്ടെത്താൻ ലഹരിക്കച്ചവടം നടത്തിയ യുവാവ് മുളവുകാട് പൊലീസിന്‍റെ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് കല്ലൻചോല സ്വദേശി മുഹമ്മദ് ഷബീബാണ് (25) അറസ്റ്റിലായത്. പ്രതിയിൽനിന്ന് ഒരു ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു.
രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാളെ ബോൾഗാട്ടി ഭാഗത്തുനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടുവർഷമായി ഇടപ്പള്ളിയിലെ കോഫി ഷോപ്പിൽ ജോലി ചെയ്തുവരുകയായിരുന്നു ഷബീബ്. ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ എത്തിച്ച്, വാടകവീട്ടിൽവെച്ച് ചെറുപാക്കറ്റുകളാക്കി വിൽപന നടത്തുകയായിരുന്നു.
ഇയാളുടെ ഫോണിലേക്ക് മയക്കുമരുന്ന് ആവശ്യപ്പെട്ട് നിരവധിപേരുടെ വിളി എത്തിയിരുന്നു. പ്രതിയുടെ ഗൂഗിൾ പേ പരിശോധിച്ചതിൽ മയക്കുമരുന്ന് കച്ചവടവുമായി ബന്ധപ്പെട്ട് ധാരാളം സാമ്പത്തിക ഇടപാടുകൾ നടന്നതായി പൊലീസ് കണ്ടെത്തി. മയക്കുമരുന്നിന്‍റെ ഉറവിടം കണ്ടെത്തുന്നതിന് ഊർജിത ശ്രമം ആരംഭിച്ചിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.