പട്ടാപ്പകൽ മോഷ്ടിച്ച സ്കൂട്ടറുമായി വീട്ടിൽ കയറി യുവാവിന്റെ പരാക്രമം; ഭയന്നുവിറച്ച സ്ത്രീകൾ ഓടിരക്ഷപ്പെട്ടു, നാട്ടുകാരെത്തി പ്രതിയെ പൂട്ടിയിട്ടു
text_fieldsചെങ്ങമനാട്: പട്ടാപ്പകൽ സ്കൂട്ടർ മോഷ്ടിച്ച യുവാവ് റോഡരികിലെ വീട്ടിൽ കയറി പരാക്രമം കാണിച്ചു. ഭയന്നുവിറച്ച സ്ത്രീകൾ ഓടിപുറത്തിറങ്ങിയതിനാൽ ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പ്രതിയെ വീട്ടിനുള്ളിൽ പൂട്ടിയിട്ടു. തുറന്നുവിടണമെന്നാവശ്യപ്പെട്ട് യുവാവ് വീട്ടുസാധനങ്ങൾ തല്ലിത്തകർത്തു.
ചെങ്ങമനാട് കോട്ടായിയിലാണ് ഇന്ന് രാവിലെ നാടകീയ രംഗങ്ങൾ അരങ്ങേറിയത്. സംഭവത്തിൽ കൊല്ലം വടക്കേവിള പഴനിലത്ത് തൊടിയിൽ വീട്ടിൽ ഷാഹുദ്ദീനെ (31) പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ലഹരിക്കടിമയാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ദേശീയപാതയിലെ ദേശം കുന്നുംപുറത്തെ ഡൈനാമിക് ടെക്നോ മെഡിക്കൽസിലെ ജീവനക്കാരിയുടെ സ്കൂട്ടർ മോഷ്ടിച്ചാണ് ഇയാൾ കോട്ടായിയിലെ വീട്ടിൽ അതിക്രമിച്ച് കയറിയത്. ശനിയാഴ്ച രാവിലെ 10.40ഓടെയായിരുന്നു സംഭവം. കോട്ടായി ക്രഷറിന് സമീപത്തെ അലിയുടെ വീട്ടിൽ ആക്രോശത്തോടെ ഇയാൾ അതിക്രമിച്ചു കയറുകയായിരുന്നു. ഭീതിയിലായ സ്ത്രീകൾ അടക്കമുള്ള വീട്ടുകാർ പുറത്തേക്കോടിയതിനാൽ ആക്രമത്തിനിരയാകാതെ രക്ഷപ്പെട്ടു. ബഹളം കേട്ട് ഓടിയെത്തിയ സമീപവാസികൾ പ്രതി പുറത്ത്പോകാതിരിക്കാൻ വാതിലടച്ചിട്ടു. അതോടെ കിടപ്പുമുറിയിലേക്കെത്തിയ പ്രതി വാതിലും അലമാരയും അയേൺ ബോക്സ് അടക്കമുള്ള വീട്ടുപകരണങ്ങളും മറ്റും വലിച്ചെറിഞ്ഞ് തകർത്തു. നാട്ടുകാർ തടിച്ച് കൂടിയതോടെ രക്ഷപ്പെടുന്നതിനായി പ്രതി ഒച്ചവച്ച് കൂടുതൽ അക്രമാസക്തനാവുകയായിരുന്നു. അതോടെ ചെങ്ങമനാട് സ്റ്റേഷനിൽ വിവരം അറിയിക്കുകയും പൊലീസെത്തി പ്രതിയെ അനുനയിപ്പിച്ച് സാഹസികമായി പിടികൂടുകയുമായിരുന്നു.
തുടർന്ന് വിലങ്ങണിയിച്ച ശേഷം പ്രതിയെ വൈദ്യപരിശോധനക്ക് കൊണ്ടു പോയി. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച പ്രതിയെ പൊലീസ് ഏറെ നേരം ചോദ്യം ചെയ്തെങ്കിലും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. അലിയുടെ വീട്ടിൽ എത്തുന്നതിന് അരമണിക്കൂർ മുമ്പാണ് ടെക്നോ മെഡിക്കൽസിലെത്തി പാർക്കിങ് ഏരിയയിൽ സൂക്ഷിച്ചിരുന്ന ജീവനക്കാരിയുടെ സ്കൂട്ടർ മോഷ്ടിച്ചത്. അതിന് ശേഷം സമീപത്തുള്ള ഹീറോ ഹോണ്ടയുടെ ഷോറൂമിലെത്തി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രെ. കൂടുതൽ ജീവനക്കാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തിയതോടെയാണ് പ്രതി സ്കൂട്ടറുമായി കോട്ടായി ഭാഗത്തേക്ക് പോയത്. സ്കൂട്ടർ വഴിയോരത്ത് പാർക്ക് ചെയ്ത ശേഷമാണ് അലിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയത്.
ഭവനഭേദനത്തിനും വസ്തു വകകൾ നശിപ്പിച്ചതിനുമാണ് ചെങ്ങമനാട് പൊലീസ് കേസെടുത്തു. സ്കൂട്ടർ മോഷ്ടിച്ച സംഭവത്തിലും ഹീറോ ഹോണ്ട ഷോറൂമിലെ ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലും നെടുമ്പാശ്ശേരി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
വേറെ എവിടെയെങ്കിലും അതിക്രമങ്ങൾ നടത്തിയ ശേഷമാണോ പ്രതി ഇവിടെ എത്തിയതെന്ന കാര്യവും മറ്റേതെങ്കിലും കേസുകളിൽ ഇയാൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യവും പൊലീസ് അന്വേഷിച്ച് വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.