സ്വിഫ്റ്റിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടി; യുവാവ് അറസ്റ്റിൽ
text_fieldsതിരുവനന്തപുരം: കെ.എസ്.ആർ.ടി.സി-സ്വിഫ്റ്റിൽ കണ്ടക്ടർ, ഡ്രൈവർ, അക്കൗണ്ടന്‍റ്, ഓഫിസ് അസിസ്റ്റന്‍റ് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളിൽനിന്ന് ലക്ഷങ്ങളും മൊബൈൽ ഫോണും തട്ടിയ കേസിൽ ശ്രീവരാഹം സ്വദേശി അറസ്റ്റിൽ. മാമ്പഴ മുടുക്ക് ടി.സി 72/510 സൂര്യകിരണം വീട്ടിൽ വാടകക്ക് താമസിക്കുന്ന സ്വരൂപ് കണ്ണനെയാണ് (29) ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.
കെ.എസ്.ആർ.ടി.സി മാനന്തവാടി ഡിപ്പോയിലെ ജീവനക്കാരനെന്ന് പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ജോലി ലഭിക്കുമെന്ന് വിശ്വപ്പിച്ച് പലരിൽനിന്ന് രജിസ്ട്രേഷൻ ഫീസായി 3000 രൂപ മുതൽ 45,000 രൂപവരെ വാങ്ങി. പിൻവാതിൽവഴി നിയമനം ലഭിക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നൽകാനെന്ന വ്യാജേന ലക്ഷങ്ങൾ വിലയുള്ള ഐ-ഫോൺ മുതൽ 64,000 രൂപ വിലയുള്ള മൊബൈൽ ഫോൺ വരെ ഉദ്യോഗാർഥികളിൽനിന്ന് കൈപ്പറ്റി.
കരാറടിസ്ഥാനത്തിൽ സ്വിഫ്റ്റിൽ നിയമനം നടത്തുന്നെന്ന പത്രപരസ്യം ചൂണ്ടിക്കാട്ടിയായിരുന്നു തട്ടിപ്പ്. സെപ്റ്റംബർ 15ന് നിയമന ഉത്തരവ് ലഭിക്കുമെന്നും നിലവിലെ ജോലി രാജിവെക്കണമെന്നും ഇയാൾ ഉദ്യോഗാർഥികളോട് ആവശ്യപ്പെട്ടിരുന്നു.
സ്വരൂപിന്‍റെ നിർദേശം അനുസരിച്ച് ബംഗളൂരുവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തിരുന്ന രണ്ടുപേർ ജോലി രാജിവെച്ച് തിരുവനന്തപുരത്തെത്തിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഫോർട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. ഇതിനോടകം 13പേർ സ്വരൂപിനെതിരെ പരാതിയുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കോടതിയിൽ ഹാജാരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.