110 നൈട്രാസെപാം ഗുളികയുമായി യുവാക്കൾ പിടിയിൽ
text_fieldsകൊച്ചി: വാട്സ്ആപ്പിൽ ആസിഡ് ഡ്രോപ്പർ ടാസ്ക് ടീം ഗ്രൂപ് തുടങ്ങി, അതിലൂടെ ‘ചൗ മിഠായി’ എന്ന പ്രത്യേക തരം കോഡിൽ വൻതോതിൽ മയക്ക് മരുന്ന് ഗുളികകൾ വിൽപന നടത്തിയിരുന്ന സംഘത്തിലെ രണ്ട് പേർ എക്സൈസിന്റെ പിടിയിലായി.
തിരുവാണിയൂർ വെണ്ണിക്കുളം വലിയപറമ്പൽ വീട്ടിൽ വി.എഫ്. ഫ്രെഡി (28), തോപ്പുംപടി മങ്ങാട്ട് പറമ്പിൽ വീട്ടിൽ അഖിൽ മോഹനൻ (24) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയിലായത്. പ്രതികളിൽനിന്ന് 110 നൈട്രോസൈപാം ഗുളികകൾ പിടിച്ചെടുത്തു.
അടിപിടി, ഭവനഭേദനം, മാരകായുധങ്ങൾ കൈവശംവയ്ക്കൽ, മയക്ക് മരുന്ന് കടത്ത് തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് ഇരുവരും.
കാക്കനാട് കേന്ദ്രമാക്കി മയക്കുമരുന്ന് ഗുളികകൾ വിൽപ്പന നടത്തുന്ന സംഘത്തെ കുറിച്ച് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മാമല റേഞ്ച് എക്സൈസുമായി ചേർന്ന് സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷിച്ച് വരുകയായിരുന്നു ഉദ്യോഗസ്ഥർ.
ഞായറാഴ്ച പുത്തൻ കുരിശിൽ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് പള്ളിക്ക് സമീപം ആവശ്യക്കാരെ കാത്ത് ഇരുചക്രവാഹനത്തിൽ ഇരിക്കുകയായിരുന്ന ഇരുവരെയും പിടികൂടുകയായിരുന്നു. ലഹരിയിൽ ആയിരുന്ന പ്രതികളെ ഏറെ പിണിപ്പെട്ടാണ് കസ്റ്റഡിയിൽ എടുത്തത്.
നാല് രൂപ വിലയുള്ള ഒരു ഗുളിക 100 രൂപക്കാണ് മറിച്ച് വിറ്റിരുന്നത്. പിടിച്ചെടുത്ത ഗുളികകൾ സേലത്ത് നിന്ന് കടത്തി കൊണ്ട് വന്നതാണെന്നാണ് പ്രാഥമിക നിഗമനം. നീണ്ട ഇടവേളക്ക് ശേഷമാണ് ഇത്രയും അധികം നൈട്രാസെപാം ഗുളികകൾ പിടിച്ചെടുക്കുന്നത്.
മാമല റേഞ്ച് ഇൻസ്പെക്ടർ വി. കലാധരൻ, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫിസർ എൻ.ഡി. ടോമി, ഐ.ബി. പ്രിവന്റീവ് ഓഫിസർ എൻ.ജി. അജിത്ത് കുമാർ, മാമല റേഞ്ച് അസി. എക്സൈസ് ഇൻസ്പെക്ടർമാരായ സാബു വർഗീസ്, പി.ജി. ശ്രീകുമാർ, ചാർസ് ക്ലാർവിൻ, സി.ഇ.ഒമാരായ അനിൽകുമാർ എം.എൻ, ഫെബിൻ എൽദോസ് എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.