പന്തളത്ത് പൂജാ സാധനങ്ങൾ വിൽക്കുന്ന കടയിൽനിന്നും എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
text_fieldsപന്തളം: കുരമ്പാലയിൽ യുവാവിനെ എം.ഡി.എം.എയുമായി ഡാൻസാഫ് സംഘവും പന്തളം പൊലീസും ചേർന്ന് പിടികൂടി. ആലപ്പുഴ തൃക്കുന്നപ്പുഴ പല്ലന നെടുംപറമ്പിൽ അനി (35) ആണ് പിടിയിലായത്. കുരമ്പാലയിൽ മാധവി പലചരക്കു പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
പാക്കറ്റുകളാക്കി ആവശ്യക്കാരെ വിളച്ചുവരുത്തി വിൽക്കുകയായിരുന്നു. കടയുടമ പ്രദീപിന്റെ ബന്ധുവാണ്. ഇയാളുടെ പക്കൽനിന്നും മൂന്ന് ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു. മാസങ്ങളായി ലഹരി മരുന്ന് കച്ചവടം ചെയ്യുന്നതായി ഇയാൾ സമ്മതിച്ചു.
രാവിലെ ബന്ധുവിനൊപ്പം കടയിലിരിക്കുന്ന ഇയാൾ ബന്ധു വീട്ടിൽ പോകുന്ന സമയം നോക്കി സി.സി.ടി.വി ഓഫാക്കും. തുടർന്ന് ആവശ്യക്കാരെ വിളിച്ചുവരുത്തി ലഹരിമരുന്ന് കൈമാറും. ബന്ധു തിരികെ വരുമ്പോഴേക്കും സി.സി.ടി.വി ഓണാക്കുകകയും ചെയ്യും. ഇതായിരുന്നു കച്ചവട രീതി.
പന്തളം പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. അടൂർ ഡി.വൈ.എസ്.പിയുടെ നിർദേശപ്രകാരം എസ്.ഐ അനീഷ് അബ്രഹാം, എ.എസ്.ഐ രാജു, എസ്.സി.പി.ഒ അജീഷ് എന്നിവരും ഡാൻസാഫ് സംഘവും ചേർന്നാണ് പരിശോധന നടത്തി നടപടി കൈക്കൊണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.