യുവസംരംഭകർക്ക് പുതുവഴി കാണിച്ച് യൂത്ത് ബിസിനസ് കോൺക്ലേവ്
text_fieldsകോഴിക്കോട്: ശീതീകരിച്ച മുറികളെ വെല്ലുന്ന കുളിർമ നൽകുന്ന മൺകട്ടകൾകൊണ്ടുള്ള വീട് ഇനി സ്വപ്നം കാണാനേ കഴിയൂ എന്ന് കരുതേണ്ട. പറമ്പിൽനിന്നെടുക്കുന്ന മണ്ണ് കട്ടകളാക്കി ആധുനിക രീതിയിൽ വീട് നിർമിക്കുന്നത് പരിചയപ്പെടുത്തുകയാണ് യൂത്ത് ബിസിനസ് കോൺക്ലേവിൽ ടെറാകാസ്റ്റ് നാച്വറൽ വാൽ പാലറ്റ്.
മണ്ണ് പരിശോധിച്ച് റാമ്ഡ് എർത്ത്, പോർഡ് എർത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ച് കട്ടകളാക്കി സിമന്റ് കട്ട, ഹോളോബ്രിക്സ് എന്നിവക്ക് പകരം ഉപയോഗിച്ച് വീടും മതിലുകളും നിർമിക്കാൻ സാധിക്കും.
അന്തരീക്ഷ മലിനീകരണം ഒരു പരിധി വരെ തടയാമെന്നതും വീടിനകം ശീതീകരിച്ച പോലെയിരിക്കുമെന്നതുമാണ് മൺകട്ടകളുടെ പ്രത്യേകതയെന്നും സംരംഭകർ പറയുന്നു. ഇങ്ങനെ യുവ സംരംഭകർക്കു മുന്നിൽ പുതിയ അവസരങ്ങളിലേക്കുള്ള വാതിലുകൾ തുറന്നിടുകയായിരുന്നു സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ്. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച സംരംഭകരുടേതടക്കം 80ലധികം പലവിയനുകൾ മേളയിൽ ഉണ്ടായിരുന്നു.
കൂടാതെ സംരംഭകർക്ക് നിയമോപദേശം നൽകുന്നതിനുള്ള ലീഗൽ സർവിസ്, സംരംഭങ്ങൾ തുടങ്ങാൻ സഹായിക്കുന്ന സ്റ്റാർട്ട്അപ് ഡെസ്ക്, വ്യാപാരികൾക്കുള്ള സർക്കാർ ആനുകൂല്യങ്ങളെക്കുറിച്ച് വിശദീകരിക്കുന്ന ഗവ. സ്കീം ഹെൽപ് ഡെസ്ക്, മതവിധികളിലെ സംശയ നിവാരണത്തിനുള്ള ഫിഖ്ഹ് ഡെസ്ക് എന്നിവയും മേളയിൽ ഒരുക്കിയിരുന്നു. മൂന്ന് വേദികളിലെ 15 സെഷനുകളിലായി നല്ല സംരംഭകനാകാനുള്ള അധ്യാപനങ്ങൾ, സാമ്പത്തിക അച്ചടക്കത്തോടെയുള്ള സംരംഭക ജീവിതം, സാമൂഹിക ശാക്തീകരണത്തിന്റെ സംരംഭക സാധ്യതകൾ, സമകാലിക ഇന്ത്യൻ സാഹചര്യവും സംരംഭങ്ങളും, ഇന്നവേറ്റിവ് ഐഡിയ പ്രസന്റേഷൻ, സക്സസ് സ്റ്റോറികൾ എന്നിവയും നടന്നു.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് 2000 പേർ മേളയിൽ പങ്കെടുത്തു.
വ്യാപാരത്തിന്റെ സാമൂഹിക മാനംകൂടി സംരംഭകർ തിരിച്ചറിയണം -പി. മുജീബുറഹ്മാൻ
കോഴിക്കോട്: വ്യാപാരം സാമ്പത്തിക മാനം മാത്രമുള്ളതല്ലെന്നും വലിയ സാമൂഹിക മാനം കൂടിയുണ്ടെന്നും അത് സംരംഭകർ തിരിച്ചറിയണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുറഹ്മാൻ. സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് കോഴിക്കോട്ട് സംഘടിപ്പിച്ച യൂത്ത് ബിസിനസ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇസ്ലാമോഫോബിയ വളർത്താനുള്ള ആസൂത്രിതവും ബോധപൂർവവുമായ ശ്രമങ്ങളാണ് കേരളീയ സമൂഹത്തിലടക്കം നടന്നുകൊണ്ടിരിക്കുന്നത്. സമൂഹത്തിൽ ഇടപെട്ടുകൊണ്ടുതന്നെ അതിനെ മറികടക്കണം. ഇത്തരം സാമൂഹിക ഇടപെടലുകളിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യാപാരം. തെറ്റായ പൊതുബോധമുള്ള സമൂഹവുമായി ഇടപഴകുമ്പോൾ സങ്കീർണതകൾ ഉണ്ടാകും.
ഇന്ന് രാജ്യത്ത് നിയമം പാലിക്കാൻ ബാധ്യസ്ഥരായ ഒന്നാമത്തെയും അവസാനത്തെയും സമൂഹം മുസ്ലിംകളാണ്. തങ്ങൾ എല്ലാ സമയത്തും സ്കാൻ ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ് എന്ന ബോധ്യം വ്യാപാരികൾക്ക് ഉണ്ടായിരിക്കണം.
അറബ് വ്യാപാരികൾ കാണിച്ച സത്യസന്ധതയാണ് കേരളത്തിൽ ഇസ്ലാം മതം വ്യാപിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചതെന്നും മുജീബുറഹ്മാൻ പറഞ്ഞു.
സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ് അധ്യക്ഷത വഹിച്ചു.
പി.വി. അബ്ദുൽ വഹാബ് എം.പി, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറൽ സെക്രട്ടി ടി.കെ. ഫാറൂഖ്, സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടി തൗഫീഖ് മമ്പാട്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന ശൂറാ അംഗം ഡോ. നഹാസ് മാള, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ടി.പി. സാലിഹ്, സി. നുവൈസ്, ജനറൽ കൺവീനർ ഷബീർ കൊടുവള്ളി എന്നിവർ സംസാരിച്ചു.
യുവ സംരംഭകനുള്ള അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന് പി.വി. അബ്ദുൽ വഹാബ് സമ്മാനിച്ചു.
മുഹമ്മദ് മദനി, സി.എച്ച്. അബ്ദുര്‍ഹീം, എം.എ. മെഹ്ബൂബ്, ഡോ. സിദ്ധീക് അഹ്മദ്, സി. നുവൈസ്, കെ.എ. റാഷിദ്, അനീസ് മുഹമ്മദ്, റിയാസ് ബിന്‍ ഹക്കീം, ഇബാദ് റഹ്മാന്, എഫ്.സി. റോവര്‍, നൗഫല്‍ നരിക്കോളി, ജാഫര്‍ മണലോടി, സില്‍വാന്‍ മുസ്തഫ, മറിയം വിധു വിജയന്, ഡോ. ഇല്യാസ് മൗലവി, കെ.എം. അഷ്റഫ്, സമീര്‍ കാളികാവ്, ഹാരിസ് പടിയത്ത്, കെ.ടി.എം.എ. സലാം, ടി.കെ. ഫാറൂഖ്, ഡോ. റാഷിദ് ഗസ്സാലി, ഡോ. വി.എം. നിഷാദ്, യാസിര്‍ ഖുതുബ്, ശിഹാബ് പൂക്കോട്ടൂര്‍, ഇഹ്സാന പരാരി, ജവാദ് ഹുസൈന്, അബ്ദുല്‍ ഗഫൂര്‍, വി. അജ്മല്‍, ബുഖാരി ഇബ്റാഹിം, യാസിന് അസ്ലം, കെ. സാഹിര്‍, ഇംതിയാസ്, അംജദ് അലി, മുസ്തഖിം, അബ്ദുല്‍ ഹലീം, എം. സാജിദ്, കെ.കെ. സുഹൈല്‍, അനീസ് മുഹമ്മദ്, ഷമീല്‍ സജ്ജാദ്, കെ. മുഹമ്മദ് നജീബ്, കെ.പി. സല്‍വ, സി.എ. മീര ടി.എസ്, തന്‍വീര്‍ മുഹിയുദ്ദീന് തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ വിഷയങ്ങളവതരിപ്പിച്ചു. സമാപന സമ്മേളനത്തില്‍ ടി. ആരിഫലി മുഖ്യാതിഥിയായി. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ടി. സിദ്ദീഖ് എം.എല്‍.എ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.