മലപ്പുറത്ത് യുവാക്കളെ ആകർഷിക്കാൻ ലീഗിന് കീഴിൽ യൂത്ത് ക്ലബുകൾ
text_fieldsമലപ്പുറം: പുതിയ തലമുറയെ പാർട്ടിയോടടുപ്പിക്കാൻ യൂത്ത്‍ലീഗിന്റെ ചിറക് യൂത്ത് ക്ലബ് പരിപാടി. 15 മുതൽ 40 വയസ് വരെ പ്രായമുള്ള യുവതീയുവാക്കളെ അംഗങ്ങളാക്കാനാണ് തീരുമാനം. മറ്റ് സംഘടനകളിൽ സജീവഭാരവാഹിത്വത്തിലില്ലാത്ത ആർക്കും അംഗത്വം നൽകുമെന്ന് ബന്ധപ്പെട്ടവർ പറയുന്നു. മറ്റ് സംഘടനകളിൽ അനുഭാവമുള്ളവർക്കും ക്ലബിൽ അംഗമാവാം. അതേ സമയം തീവ്രവാദ മനോഭാവമുള്ളവർക്കും അത്തരം സംഘടനകളിൽ പ്രവർത്തിച്ചവർക്കും ലഹരി ഉപയോഗിക്കുന്നവർക്കും അംഗത്വം നൽകില്ല.
കലാ, സാംസ്കാരിക, കായിക, വിദ്യാഭ്യാസ മേഖലയിലുള്ളവരെ പ്രത്യേകം അംഗത്വമെടുപ്പിക്കും. ക്ലബിന് ബൈലോ ഉണ്ടാവും. കാലോചിതമായ പരിഷ്കാരങ്ങളുടെ ഭാഗമാണ് ലീഗിന്റ ഇത്തരം പരീക്ഷണങ്ങൾ. വനിതകളെയും വിദ്യാർഥിനികളെയും ക്ലബിൽ അംഗമാക്കുമെന്നത് പുതിയ പ്രവണതയാണ്. ഒരു പഞ്ചായത്തിൽ ഒന്ന് എന്ന കണക്കിൽ സെപ്തംബർ 30 നകം ജില്ലയിൽ 109 ക്ലബ്ബുകൾ രൂപവത്കരിക്കാനാണ് പദ്ധതി. അടുത്ത മാസം ക്ലബിൽ അംഗങ്ങളെ ചേർക്കും. ജില്ലയിൽ പൈലട്ട് പദ്ധതിയായി തുടങ്ങുന്ന ക്ലബ് വിജയകരമാവുമെങ്കിൽ മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന. ലീഗിന്റെ ഇത്തരം പദ്ധതികളെല്ലാം ആദ്യം മലപ്പുറം ജില്ലയിലും പിന്നീട് മറ്റ് ജില്ലകളിലും നടപ്പിലാക്കുകയാണ് പതിവ്. പരമ്പരാഗത രീതിയിൽ പാർട്ടിപ്രവർത്തനം നടത്തിയാൽ പുതിയ തലമുറയെ ആകർഷിക്കാനാവില്ലെന്ന വിലയിരുത്തൽ കൂടിയാണ് ഇത്തരം പരീക്ഷണങ്ങൾക്ക് പാർട്ടിയെ പ്രേരിപ്പിക്കുന്നത്.
യൂത്ത് ക്ലബിന്റെ അംബാസഡർമാരായി കായിക താരങ്ങളെ ഉൾപടെ പൊതുരംഗത്തുള്ളവരെ കൊണ്ടുവരാനാണ് തീരുമാനം. ഒളിമ്പ്യൻ കെ.ടി ഇർഫാനാണ് ആദ്യഅംബാസഡർ. ഒക്ടോബർ രണ്ട് മുതൽ 15 വരെ യൂത്ത് ക്ലബ്ബിന്റെ അംഗത്വ കാലമായി ആചരിക്കും. ഘട്ടം ഘട്ടമായി യൂത്ത് ക്ലബ്ബുകളുടെ എണ്ണം വർദ്ധിപ്പിക്കും. ആറ് മാസത്തിനകം ആയിരം ക്ലബ്ബുകൾ രൂപവത്കരിക്കുവാനാണ് ലക്ഷ്യമിടുന്നത്. കലാ കായിക സാമൂഹ്യ സാംസ്കാരിക ആരോഗ്യ രംഗത്ത് പ്രവർത്തിക്കുകയാണ്ക്ല ബ്ബിന്റെ ഉദ്ദേശ്യം. വ്യത്യസ്ത രീതിയിലായിരിക്കും ക്ലബ്ബിന്റെ പ്രവർത്തനം. വിവിധ മേഖലകളിലെ പ്രമുഖർ അടങ്ങിയ ജില്ലാ സമിതി ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കും. യൂത്ത് ഓർഗനൈസർമാരാണ് ക്ലബിനെ നയിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.