മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം, ഒരാൾക്ക് മുൻകൂർ ജാമ്യം
text_fieldsകൊച്ചി: വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ഹൈകോടതി ജാമ്യം. തലശ്ശേരി മട്ടന്നൂർ സ്വദേശി ഫർസീൻ മജീദ്, തലശ്ശേരി പട്ടാനൂർ സ്വദേശി ആർ.കെ. നവീൻ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. കൂടാതെ, മൂന്നാം പ്രതി സുജിത് നാരായണന് മുൻകൂർ ജാമ്യവും ഹൈകോടതി അനുവദിച്ചു.
ജൂൺ 13ന് കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിൽവെച്ച് മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച സംഭവത്തിലാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായത്. പ്രതികൾ വിമാനത്തിൽവെച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് തിരുവനന്തപുരം വലിയതുറ പൊലീസ് കേസെടുത്തത്.
വിമാനത്തിൽവെച്ച് മുഖ്യമന്ത്രിക്ക് നേരെ നടന്നത് വധശ്രമമെന്ന് ഹൈകോടതിയിൽ സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രതികൾ ഗൂഢാലോചന നടത്തിയാണ് കൃത്യത്തിനായി വിമാനത്തിൽ കയറിയതെന്നും ഇതിന് തെളിവുണ്ടെന്നും സർക്കാർ പറയുന്നു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചില്ലെന്നും മുദ്രാവാക്യം മുഴക്കുക മാത്രമാണ് ചെയ്തതെന്നും ഹരജിക്കാർ വാദിച്ചു. വിമാനത്തിന്‍റെ സുരക്ഷക്ക് ഭംഗം വരുത്തിയിട്ടില്ല. വധശ്രമക്കുറ്റം ചുമത്തിയത് അധികാര ദുർവിനിയോഗമാണ്. അക്രമം നടത്തിയത് ഇ.പി ജയരാജനാണ്. മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്ന ജയരാജന്‍റെ ആക്രമണത്തിൽ തങ്ങൾക്കാണ് പരിക്കേറ്റതായും ഹരജിക്കാർ ആരോപിച്ചു.
കേസിൽ താൻ ദൃക്‌സാക്ഷിയാണെന്നും പ്രതി ചേർത്തത് സത്യം പുറത്തു വരാതിരിക്കാനാണെന്നും മുൻകൂർ ജാമ്യത്തിന് ഹരജി നൽകിയ സുജിത് നാരായണൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.