പൊലീസ് ആസ്ഥാനം ഉപരോധിച്ച് യൂത്ത് കോൺഗ്രസ്; എം.എൽ.എമാർക്ക് നേരെ പാഞ്ഞടുത്ത് പൊലീസ് വാഹനം
text_fieldsതിരുവനന്തപുരം: മന്ത്രി ജലീലിനെതിരായ സമരത്തിൽ പ്രവർത്തകരെ പൊലീസ് തല്ലിച്ചതച്ചതിൽ പ്രതിഷേധിച്ച് പൊലീസ് ആസ്ഥാനത്ത് യൂത്ത് കേൺഗ്രസ് പ്രതിഷേധം. യൂത്ത് കോൺഗ്രസ് നേതാക്കളും എം.എൽ.എമാരുമായ ഷാഫി പറമ്പിൽ, കെ.എസ്. ശബരീനാഥൻ എന്നിവരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ 11 അംഗ സംഘം പൊലീസ് ആസ്ഥാനം ഉപരോധിച്ചത്.
അതിസുരക്ഷാ പ്രാധാന്യമുള്ള, സമര നിരോധിത മേഖലയിൽ മുദ്രാവാക്യം വിളികളുമായി സമരക്കാരെത്തിയത് പൊലീസിനെ ഞെട്ടിച്ചു. ലാത്തിച്ചാർജിൽ പരിക്കേറ്റ വി.ടി. ബൽറാം എം.എൽ.എ അടക്കമുള്ളവരുടെ ചിത്രം ഉയർത്തിക്കാട്ടിയായിരുന്നു പ്രതിഷേധം.
സമരക്കാർ സ്ഥലത്തെത്തുമ്പോൾ ഗേറ്റിൽ സുരക്ഷാ ജീവനക്കാർ മാത്രമാണുണ്ടായിരുന്നത്. മുദ്രാവാക്യം വിളികളുമായെത്തിയ പ്രവർത്തകർ മുഖ്യകവാടം ഉപരോധിച്ചു. സമരക്കാരെത്തി 10 മിനിറ്റിനു ശേഷമാണ് പൊലീസ് സ്ഥലത്തെത്തുന്നത്. പ്രവർത്തകരെ അറസ്റ്റ് ചെയ്തുനീക്കിയെങ്കിലും മുഖ്യകവാടത്തിനുമുന്നിൽനിന്ന് എഴുന്നേൽക്കാൻ ഷാഫിയും ശബരീനാഥനും കൂട്ടാക്കിയില്ല.
പ്രതിഷേധങ്ങളെ ചോരയിൽമുക്കി രക്ഷപ്പെടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ജനരോഷത്തിൽനിന്ന് രക്ഷപ്പെടാൻ സംഘ് പരിവാർ പോലും തോറ്റുപോകുന്ന വർഗീയതയും പൊലീസ് അതിക്രമവുമാണ് സർക്കാറും സി.പി.എമ്മും പുറത്തെടുക്കുന്നതെന്നും ഷാഫി ആരോപിച്ചു.
മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ പൊലീസ് ബസ് ഇരുവരുടെയും പിറകിലൂടെ അടുത്തേക്ക് കൊണ്ടുവന്ന് ഉച്ചത്തിൽ ഹോൺ അടിച്ച് എഴുന്നേൽപിക്കാൻ ശ്രമിച്ചത് രംഗം കൂടുതൽ വഷളാക്കി. വാഹനം തെൻറ നെഞ്ചത്തുകൂടി കയറ്റാൻ ഷാഫി പൊലീസുകാരോട് ആവശ്യപ്പെട്ടു. തുടർന്ന്, സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ എത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തുനീക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.